uttar-pradesh-murder-case
  • പണവും സ്വത്തും സ്വന്തമാക്കാൻ രക്തബന്ധം പോലും മറന്നാണ് ഈ ക്രൂരത അരങ്ങേറിയത്

പണത്തോടുള്ള ആർത്തിയിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് ഉത്തർപ്രദേശിലെ ബരാബങ്കി നിവാസികള്‍. സർക്കാർ വികസന പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന നഷ്ടപരിഹാര തുക പങ്കുവെക്കാതിരാതിരിക്കാനാണ് സ്വന്തം സഹോദരിയെ മൃഗീയമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹോദരനെയും ഭാര്യയെയും യുപി പോലീസ് അറസ്റ്റ് ചെയ്തു.

ബരാബങ്കിയിലെ രാംനഗർ പ്രദേശത്താണ് കൊലപാതക സംഭവം നടന്നത്. കൊല്ലപ്പെട്ടത് അംഗൻവാടി ജീവനക്കാരിയായിരുന്ന മന്നു എന്ന യുവതിയാണ്. ഇവരുടെ സഹോദരൻ സന്ദീപിന്റെ വീട് 'മഹാദേവ കോറിഡോർ പ്രോജക്ടിന്റെ' പരിധിയിൽ വന്നിരുന്നു. ഈ വീടും പുരയിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഏകദേശം 42 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കാൻ തീരുമാനിച്ചിരുന്നു. ഈ വലിയ തുകയിൽ സഹോദരിയായ മന്നുവിനും അവകാശമുണ്ടെന്നതും, അവര്‍ക്ക് അതിൽനിന്നും ഓഹരി നൽകേണ്ടി വരുമെന്നതുമാണ് ക്രൂരകൃത്യത്തിലേക്ക് സന്ദീപിനെയും ഭാര്യ ശീതളിനെയും പ്രകോപിപ്പിച്ചത്. ലഭിക്കുന്ന പണം മുഴുവനായും സ്വന്തമാക്കുന്നതിന് ഇരുവരും ചേർന്ന് മന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 30-നാണ് മന്നുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മന്നുവിന്റെ വീടിലെത്തിയ സന്ദീപും ഭാര്യയും വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കല്ലുപയോഗിച്ച് തലയിലും മുഖത്തും ശക്തമായി ഇടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മന്നു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട വിവരം പുറത്തുവന്നതോടെ പ്രദേശത്ത് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു.

കൊല്ലപ്പെട്ട മന്നുവിന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്ന് സന്ദീപും ഭാര്യ ശീതളും സമ്മതിച്ചതായി അഡീഷണൽ എസ്‌പി വിവേക് തിവാരി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. പണവും സ്വത്തും സ്വന്തമാക്കാൻ രക്തബന്ധം പോലും മറന്നാണ് ഈ ക്രൂരത അരങ്ങേറിയത്. 

ENGLISH SUMMARY:

In a shocking incident driven by financial greed, a woman in Uttar Pradesh's Barabanki was brutally murdered by her brother and his wife over land compensation money. The victim, an Anganwadi worker named Mannu, was eligible for a share in the ₹42 lakh compensation awarded for their family property acquired under the Mahadeva Corridor Project. Wanting to claim the entire sum for themselves, the brother, Sandeep, and his wife, Sheetal, engaged in an argument with Mannu on October 30 before crushing her to death with a stone. Following an investigation led by Additional SP Vivek Tiwari, the UP Police arrested both accused, who subsequently confessed to the crime and were remanded to judicial custody.