ഗുവാഹത്തിയിലെ ഹോട്ടലിൽ അഞ്ച് പേരെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായിരുന്ന മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശിവസാഗർ ജില്ലയിലെ ഫുൽപാനിചിഗയിൽ വെച്ചാണ് സംഭവം. 34കാരനായ പ്രതി ഘനകാന്ത ഗൊഗോയാണ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്.
ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിന് ശേഷം ചൊവ്വാഴ്ചയാണ് പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. പ്രതി പൊലീസിന്റെ കൈവശമുണ്ടായിരുന്ന സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിയും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഘനകാന്ത ഗൊഗോയ് കൊല്ലപ്പെട്ടത്. ഘനകാന്തയെ പരിക്കേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഒക്ടോബർ 26നാണ് ഗുവാഹത്തിയിലെ ബോറ സർവീസ് പ്രദേശത്തുള്ള ഹോട്ടൽ ബിലാസ് ഇൽ വെച്ച് അഞ്ച് പേർ വെടിയേറ്റ് മരിച്ചത്. സ്വത്ത് തർക്കത്തെത്തുടർന്നാണ് ഘനകാന്ത ഗൊഗോയ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ടവരിൽ നാലുപേരും ഒരേ കുടുംബത്തിലുള്ളവരാണ്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതിക്കെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയായിരുന്നു.