കൊല നടത്തിയത് ഒരു 17കാരൻ , കൊലയ്ക്ക് കൂട്ടുനിന്നത് ഒരു 17കാരി, കൊല്ലപ്പെട്ടത് ഒരു 17കാരൻ, ലക്ഷ്യമിട്ടത് മറ്റൊരു 17കാരനെ... സഹായിയായി റൗഡി ലിസ്റ്റിൽ പെട്ട 22കാരനും. സിനിമാക്കഥയെ വെല്ലുന്ന ശ്രീ കാര്യം അഭിരാം കൊലക്കേസിലെ പ്രതികളുടെ പട്ടിക ഇങ്ങനെയാണ്.

ശ്രീകാര്യത്തെ പ്ലസ് വൺ വിദ്യാർഥിയായ എം.ഡി.അഭിരാമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടോടെ കാണാതായ അഭിരാമിനെ പൊലീസും നാട്ടുകാരും തിരയുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, കൊലയ്ക്ക് പിന്നിൽ സ്കൂളുകളിൽ നടക്കുന്ന നിസ്സാരമായ പ്രണയ തർക്കങ്ങൾ ആണെന്നതാണ് അന്വേഷണത്തിൽ പൊലീസിനെ ഞെട്ടിച്ചത്.

ALSO READ: ശ്രീകാര്യത്ത് 17കാരന്‍ കൊല്ലപ്പെട്ടതില്‍ ട്വിസ്റ്റ്; ലക്ഷ്യം സുഹൃത്ത്; പെൺകുട്ടിയുടെ മൊബൈല്‍ ആയുധം ...

കൊല നടത്തിയ 17കാരൻ യഥാർഥത്തിൽ ലക്ഷ്യമിട്ടത് അഭിരാമിന് ആയിരുന്നില്ല. അഭിരാമിന്റെ സഹപാഠിയായ മറ്റൊരു 17 കാരനെ ആയിരുന്നു. അതിന്‍റെ കാരണം പ്രതിയുടെ പെണ്‍ സുഹൃത്ത് ഏതാനും മാസം മുമ്പ് പ്രണയത്തിൽ നിന്ന് പിന്മാറിയതും, അതിനുശേഷം അഭിരാമിന്റെ സുഹൃത്തുമായിട്ട് അടുപ്പത്തിലായതും. അഭിരാമിന്റെ സുഹൃത്ത് പറഞ്ഞിട്ടാണ്, തന്നെ തന്‍റെ കാമുകി ഉപേക്ഷിച്ചതെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. അതിനാല്‍ തന്നെ അഭിരാമിന്റെ സുഹൃത്തിനോടും പ്രതിക്ക് വൈരാഗ്യം ഉണ്ടായിരുന്നു.

ഇതിനിടെ പ്രതിയായ 17 കാരൻ ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഈ പെൺകുട്ടിയുമായി അടുപ്പത്തിലാകാൻ അഭിരാമും ശ്രമിച്ചു. അഭിരാം വാട്ട്സാപ്പിലും മറ്റും പെൺകുട്ടിക്ക് മെസ്സേജ് അയച്ചു തുടങ്ങി. ഇക്കാര്യം പെൺകുട്ടി പ്രതിയോട് പറഞ്ഞിരുന്നു. ഇത് അഭിരാമിനോടും അഭിരാമിന്റെ സുഹൃത്തിനോടും ദേഷ്യം ഇരട്ടിക്കാൻ കാരണമായി. അങ്ങനെയാണ് രണ്ടുപേരെയും ഉപദ്രവിക്കാൻ പ്രതി തീരുമാനിച്ചത്.

BIG INVESTIGATION: 5 ലക്ഷം കൊടുത്താൽ പെണ്ണും മണിയറയും റെഡി; വിവാഹക്കമ്പോളത്തിന്റെ മറനീക്കി മനോരമ ന്യൂസ്

പെൺകുട്ടി എന്ന വ്യാജേന ആദ്യം അഭിരാമിനെയും അഭിരാമിനെ ഉപയോഗിച്ച് അഭിരാമിന്റെ സുഹൃത്തായ 17 കാരനെയും വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കഴിഞ്ഞ ശനിയാഴ്ച രാവിലെ തന്നെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പ്രതി വാങ്ങി കയ്യിൽ വച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും പെൺകുട്ടി എന്ന രീതിയിൽ അഭിരാമുമായി ചാറ്റ് ചെയ്തു. ഒടുവിൽ ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടുകൂടി കൊലപാതകം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

പെൺകുട്ടിയാണെന്ന് കരുതിയാണ് അഭിരാം സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നത് പ്രതിയായ 17കാരൻ. അഭിരാം എത്തിയതോടെ കൈകാര്യം ചെയ്യാനായി 22 കാരനായ റൗഡിയേയും പ്രതി അവിടേക്ക് വിളിച്ചുവരുത്തിയിരുന്നു. അഭിരാമിനോട് സുഹൃത്തിനെ ഫോൺ ചെയ്ത് ഇവിടെ എത്തിക്കാൻ ആയിരുന്നു പ്രതികൾ ആദ്യം ആവശ്യപ്പെട്ടത്. അഭിരാം ഫോൺ വിളിച്ചെങ്കിലും സുഹൃത്ത് വരാൻ തയ്യാറായില്ല. ഇതോടെ അഭിരാമിനോട് ദേഷ്യം കൂടി. തുടർച്ചയായി ഉപദ്രവിച്ചു.

ഞായറാഴ്ച പട്ടാപ്പകൽ അഞ്ചു മണിക്കു മുമ്പ് കൊലപാതകം നടന്നെന്നാണ് കണ്ടെത്തൽ. ജീവൻ പോയെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ചാക്കിൽ കെട്ടി കായലിൽ ഉപേക്ഷിക്കാൻ ആയിരുന്നു ആലോചന. ചാക്ക് വാങ്ങിക്കൊണ്ടുവന്ന് മൃതദേഹം അതിൽ കയറ്റി കാടുകൊണ്ട് മൂടി. പക്ഷേ വൈകുന്നേരം ആയപ്പോഴേക്കും ശക്തമായ മഴ തുടങ്ങിയതോടെ പ്രതികളുടെ പദ്ധതി നടന്നില്ല. മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിനിടെ അഭിരാമിനെ കാണാനില്ല എന്ന പരാതി പൊലീസില്‍ എത്തുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. ഒടുവിലാണ് അതിക്രൂര കൊലപാതകത്തിലെ കൗമാരക്കാരായ പ്രതികൾ വലയിലാകുന്നത്.

ENGLISH SUMMARY:

The police investigation into the murder of 17-year-old Abhiram in Sreekaryam has uncovered a chilling conspiracy orchestrated by juvenile offenders. Authorities revealed that the main accused, another 17-year-old minor, originally targeted Abhiram's friend over a complex web of romantic disputes and ego clashes. The perpetrators used a girl's mobile phone to chat and lure Abhiram to an isolated location, where he was brutally attacked after refusing to cooperate. Although the culprits initially plotted to dispose of the body in a lake inside a sack, heavy evening rains foiled their plans and led to their swift capture.