പെരുമ്പാവൂരിൽ അതിജീവിതയെ കത്തികൊണ്ട് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ. അറക്കപ്പടി സ്വദേശി അദിനാനാണ് കത്തിയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. അറസ്റ്റിന് ശേഷം കോടതിയിൽ എത്തിച്ചപ്പോൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച് അറസ്റ്റിലായ അദിനാൻ കഴിഞ്ഞ മാസം ജാമ്യലിറങ്ങിയ ശേഷം തിങ്കളാഴ്ച ഉച്ചയോടെ അതിജീവിതയെ താമസിക്കുന്ന വീട്ടിൽ കത്തിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി അദിനാന് പെണ്‍കുട്ടിയിടെ മർദിക്കുകയും കുത്തി പരിക്കേൽപിക്കുകയും ചെയ്തു. വീടിനുള്ളിൽ കടന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവന്ന് കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നാൽ പെൺകുട്ടി കുതറിമാറി.
കഴുത്ത് അറക്കാനുള്ള അദിനാന്റെ ശ്രമം പെൺകുട്ടി പ്രതിരോധിച്ചതിനെ തുടർന്ന് ഇരു കൈകൾക്കും പരുക്കേറ്റു.പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഒരു നാട്ടുകാരനും അദിനാന്റെ അക്രമത്തിൽ കൈക്ക് പരുക്കേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. കൂടുതൽ ആളുകൾ പ്രദേശത്ത് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ അതിജീവിതയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാട്ടിൽനിന്നും ഇയാളെ പിടികൂടുകയായിരുന്നു.
വൈകിട്ടോടെ റിമാന്‍ഡ് ചെയ്യാനായി കോടതിയിൽ എത്തിച്ചപ്പോഴാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വിലങ്ങുമായി താഴെക്ക് ചാടി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ കാര്യമായ പരുക്കുകൾ ഇല്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചു. കസ്റ്റഡിയിൽ ഇരിക്കെ രക്ഷപ്പെടാൻ ശ്രമിച്ചതിന് പെരുമ്പാവൂർ പൊലീസ് ഇയാൾക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് 14-കാരിയെ പീഡിപ്പിച്ച കേസിൽ അദിനാൻ ജയിലിലായത്. പിന്നാലെ റിമാൻഡിലായ അദിനാൻ കഴിഞ്ഞമാസം 18-ാം തീയതിയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.