Image Credit: X/Delhiite
സഹപ്രവര്‍ത്തകനുമായി ദീര്‍ഘമായ വിഡിയോ കോള്‍ നടത്തിയതിന് പിന്നാലെ യുവതി സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍. ഹൈദരാബാദില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ അര്‍ച്ചന ചൗധരിയെന്ന 29കാരി സോഫ്റ്റുവെയര്‍ എന്‍ജിനീയറാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ മൈന്ഡ്സ്പേസിലുള്ള ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ സഹപ്രവര്‍ത്തകനുമായി ഏറെക്കാലമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പുലര്‍ച്ചെ അര്‍ച്ചന യുവാവിനെ വിഡിയോ കോള്‍ ചെയ്തുവെന്നും പിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. 'പുലര്‍ച്ചെ രണ്ടരയ്ക്ക് യുവാവിനെ അര്‍ച്ചന വിഡിയോ കോളില്‍ വിളിച്ചു. അമ്മയുമൊത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു യുവാവ് അപ്പോള്‍. വിഡിയോ കോളിനിടെ മുറിയിലെ ഫാനില്‍ ഷാള്‍ കുരുക്ക് കെട്ടിയിട്ടിരിക്കുന്നത് അര്‍ച്ചന കാണിച്ചു കൊടുത്തു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും ഭീഷണിപ്പെടുത്തി'– പൊലീസ് പറയുന്നു.
ഭയന്നുപോയ യുവാവ് രാവിലെ അഞ്ചരയോടെ അര്‍ച്ചനയുടെ ഫ്ലാറ്റിലേക്ക് എത്തി. മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവ് നേരത്തെ വിവാഹിതനാണെന്നും ആ ബന്ധം വേര്‍പെടുത്താനുള്ള നിയമനടപടികളിലായിരുന്നുവെന്നും പൊലീസ് പറയുന്നു. വിവാഹം കഴിക്കണമെന്ന അര്‍ച്ചനയുടെ ആവശ്യം യുവാവ് നിരസിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)