Image: X,@ndtv
എന്‍ജിനീയറിങ് കോളജിലെ ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിങ് സ്റ്റാൻഡ് തകര്‍ന്നുവീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഹൈദരാബാദില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. എംവിഎസ്ആർ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിനി സോന നാരായൺ ദാസ് ആണ് മരിച്ചത്.
Also Read: ഗ്യാനേഷിനെ എതിര്‍ത്ത് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കാന്‍ ബിജെപിയുടെ പഴയ 'രക്ഷകന്‍'
ആഷോഷത്തിനിടെ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡ് സോനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോനയുടെ സഹോദരിക്കും ഈ അപകടത്തില്‍ പരുക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് വ്യക്തമാകുന്നത്.
Also Read: തന്നേക്കാള്‍ 10വയസ് കുറവുള്ള രണ്ടാം ഭര്‍ത്താവ്; മൂത്ത മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായി ഇളയമകളും
ശക്തമായ കാറ്റടിച്ചതിനെ തുടര്‍ന്നാണ് ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ പറയുന്നു. കോളജിന്റെ വാര്‍ഷിക സംസ്കാരിക–സാങ്കേതിക മേളയുടെ ഭാഗമായ ആഘോഷത്തിനിടെയാണ് ദുരന്തം നടന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിച്ച പരിപാടി അവസാനിക്കാന്‍ പത്തു മിനിറ്റ് ശേഷിക്കേയാണ് അപകടം. കാറ്റ് വീശിയപ്പോള്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡുകളിലൊന്ന് തകര്‍ന്ന് പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു.
ആംബുലന്‍സ് സമയത്ത് എത്താതിരുന്നതിനാല്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ കോളജിലെ വാഹനങ്ങള്‍ തന്നെയാണ് ഉപയോഗിച്ചതെന്ന് കോളജ് ഡയറക്ടര്‍ പ്രസന്നകുമാര്‍ പറയുന്നു. വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുനല്‍കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്ന് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ആരോപിക്കുന്നു.
പരുക്ക് നിസാരമാണെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ആശുപത്രിയിലെത്തും മുന്‍പേ തന്നെ വിദ്യാര്‍ഥിനി മരിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. വിദ്യാർഥിനിയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ?ലൈറ്റിങ് ഘടന തകർന്നുവീഴാനിടയായ സാഹചര്യം, എന്നിവയും അന്വേഷണവിധേയമാക്കും.