സഹപാഠിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ശേഷം യൂട്യൂബ് നോക്കി ഗര്ഭം അലസിപ്പിക്കാന് ശ്രമിച്ച സംഭവത്തില് കൗമാരക്കാരന് പിടിയില്. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. യൂട്യൂബ് വിഡിയോയില് കണ്ട പച്ചമരുന്ന് പരീക്ഷിച്ചാണ് പതിനാറുകാരിയുടെ ഗര്ഭം അലസിപ്പിക്കാന് ശ്രമം നടത്തിയത്. ഇത് പക്ഷേ പരാജയപ്പെട്ടു. ഒടുവില് മാസങ്ങള്ക്ക് ശേഷം പെണ്കുട്ടി വീട്ടില് പ്രസവിക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
നാഗ്പുരില് ഒരേ സ്കൂളില് പഠിച്ചിരുന്നവരാണ് ഇരുവരും. സ്കൂളില് വച്ചാണ് സുഹൃത്തുക്കളായത്. കഴിഞ്ഞ വര്ഷം വീട്ടിലാരുമില്ലാതിരുന്ന നേരത്ത് കൗമാരക്കാരന് പെണ്കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പിന്നീടും ശാരീരികബന്ധം തുടര്ന്നു. പെണ്കുട്ടി ഗര്ഭിണിയാണെന്ന് അറിഞ്ഞതോടെ യൂട്യൂബില് ഗര്ഭം അലസിപ്പിക്കാനുള്ള മാര്ഗങ്ങള് തിരഞ്ഞു. തുടര്ന്ന് വിഡിയോയില് കണ്ട പച്ചമരുന്നുകള്ക്കൊപ്പം ഗര്ഭഛിദ്രത്തിനുള്ള ഗുളികകളും ബലമായി കഴിപ്പിച്ചു. പക്ഷേ ഗര്ഭം അലസിയില്ല.
ഈ ആഴ്ച ആദ്യം പെണ്കുട്ടി വീട്ടില് പ്രസവിക്കുകയായിരുന്നു. വീട്ടുകാര് ഇത് കണ്ടെത്തിയതും ഉടന് തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. പ്രസവത്തിന് പിന്നാലെ പെണ്കുട്ടിയുടെ നില വഷളായി. തുടര്ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പെണ്കുട്ടി തുറന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില് കൗമാരക്കാരനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. ഇപ്പോള് പതിനെട്ട് വയസായെങ്കിലും ശാരീരിക ബന്ധം നടക്കുമ്പോള് പ്രായപൂര്ത്തിയായിരുന്നില്ലെന്നും ഇത് കണക്കിലെടുത്താകും തുടര്ന്നുള്ള നിയമനടപടികള് എന്നും പൊലീസ് വ്യക്തമാക്കി.