ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് തിരുവനന്തപുരം കടകംപള്ളി ബിജു കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കടയ്ക്കാവൂര്‍, വാമനപുരം സ്വദേശികളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമായ മുകേഷ്, സൈലേഷ്, പ്രദീപ് എന്നിവരാണ് പിടിയിലായത്. സുഹൃത്തായ സുജിയെ കൊലപ്പെടുത്തിയ ബിജുവിനെ വകവരുത്താന്‍ ഒന്നാംപ്രതി മുകേഷ് നടത്തിയ ആസൂത്രണമാണ് കഴിഞ്ഞദിവസത്തെ കൊലയില്‍ കലാശിച്ചത്.
സുഹൃത്തിനെ കൊലപ്പെടുത്തിയതിന്റെ പിറ്റേന്ന് മുതല്‍ ബിജുവിനെ വകവരുത്താന്‍ മുകേഷ് വഴി തേടുകയായിരുന്നു. ജയില്‍വാസം കഴിഞ്ഞ് ബിജു പുറത്തിറങ്ങിയതോടെ മുകേഷ് പദ്ധതി വേഗത്തിലാക്കി. തന്ത്രപൂര്‍വം കടകംപള്ളി ബിജുവിനെ തിങ്കളാഴ്ച രാത്രി മുകേഷ് സുഹൃത്തായ സൈലേഷിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. സൗഹൃദം നടിച്ച് മദ്യം നല്കി ബോധരഹിതനാക്കി. പിന്നാലെ മുകേഷും, സൈലേഷും, പ്രദീപും ചേര്‍ന്ന് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയലില്‍ ഉപേക്ഷിച്ച മൃതദേഹം പിറ്റേന്ന് കണ്ടെടുത്തതിന് പിന്നാലെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്നാണ് മൂവരും പിടിയിലായത്.
മൃതദേഹം ഉപേക്ഷിച്ച ശേഷം മൂവരും രക്ഷപ്പെട്ടെങ്കിലും കടയ്ക്കാവൂര്‍ വിട്ടിരുന്നില്ല. പിടികൂടിയ മൂവരെയും സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ആറ്റിങ്ങൽ, കടയ്ക്കാവൂര്‍, തിരുവനന്തപുരം സിറ്റി, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കവര്‍ച്ചാ കേസിലും അടിപിടി കേസിലും പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു. കൊലപ്പെടുത്തിയവരും നിരവധി കേസുകളില്‍ പ്രതികളാണ്. പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതുള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.