shamina-case-verdict
  • ഡൽഹി സംഗം വിഹാറിൽ ഭാര്യ ഷമീനയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഫസ്റുദ്ദീൻ കുറ്റക്കാരനെന്ന് കോടതി. ബന്ധുക്കൾ മൊഴി മാറ്റിയെങ്കിലും സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പരിഗണിച്ചാണ് വിധി.

ഡല്‍ഹി സംഗം വിഹാര്‍ ഷമീന കൊലക്കേസില്‍ ഭര്‍ത്താവ് ഫസ്‍റുദീന്‍ കുറ്റക്കാരനെന്ന് വിചാരണക്കോടതി. സാക്ഷികളായിരുന്ന, ഷമീനയുടെ സഹോദരീഭര്‍ത്താവും വീട്ടുകാരും മൊഴിമാറ്റിയെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഫസ്‍റുദീനെ കുറ്റക്കാരനെന്ന് വിധിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും മുറിയിലുണ്ടായിരുന്ന ഫസ്‍റുദീന് ഭാര്യയുടെ മരണത്തിന്‍റെ കാരണം വിശദമാക്കാന്‍ കഴിയാത്തതും കണക്കിലെടുത്താണ് അഡീഷണല്‍ സെഷന്‍സ് ജ‍ഡ‍്ജ് സമര്‍ വിശാലിന്‍റെ വിധി.

2020 ഫെബ്രുവരി നാലിനാണ് സംഗം വിഹാറില്‍ സഹോദരി വക്കീലയുടെ വീട്ടില്‍ വച്ച് ഷമീന കൊല്ലപ്പെട്ടത്. ഗാസിയാബാഗില്‍ നിന്ന് കിഡ്നി സ്റ്റോണ്‍ ചികില്‍സയ്ക്കായി ഡല്‍ഹിയിലെത്തിയതായിരുന്നു ഷമീനയും ഭര്‍ത്താവ് ഫസ്റുദീനും. വക്കീലയുടെ ഭര്‍ത്താവ് മുഹമ്മദ് താഹിര്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ: ‘2020 ഫെബ്രുവരി മൂന്നിന് രാത്രി ഒമ്പത് മണിയോടെ വക്കീലയും മകൾ ഗുലിസ്തയും രണ്ടാം നിലയിലുള്ള മുറിയിൽ ഷമീനയ്ക്കൊപ്പം ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ താഴെ വന്ന വക്കീല, ഷമീനയ്ക്ക് സുഖമില്ലെന്ന് അറിയിച്ചു. തുടർന്ന് ഞാന്‍ റൂമിലെത്തി ഷമീനയ്ക്ക് ഒരു ഗുളികയുടെ പകുതി നൽകിയ ശേഷം തിരിച്ചുവന്നു. തൊട്ടുപിന്നാലെ ഫസ്റുദ്ദീൻ ഷമീനയുമായി വഴക്കിടാൻ തുടങ്ങി. ബഹളം കേട്ട് ഞാൻ മുകളിലെത്തിയപ്പോൾ ഫസ്റുദീന്‍ ഷമീനയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തുഞെരിക്കുന്നതാണ് കണ്ടത്. എന്നെ കണ്ടയുടൻ ഫസ്റുദീൻ എഴുന്നേറ്റു. ഷമീന തറയിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു...’ സഹോദരന്‍ ഷക്കീല്‍ അഹമ്മദും മകന്‍ ഹാരൂണും ചേര്‍ന്ന് ഷമീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

എന്നാല്‍ വിചാരണ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു മൊഴി പൊലീസിന് നല്‍കിയിട്ടില്ല എന്നാണ് മുഹമ്മദ് താഹിര്‍ കോടതിയില്‍ പറഞ്ഞത്. മറ്റ് കുടുംബാംഗങ്ങളും ഇതേ നിലപാടെടുത്തു. ഇതോടെ പ്രോസിക്യൂഷന്‍ പ്രതിസന്ധിയിലായി. പക്ഷേ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ഫസ്റുദീന് എതിരായിരുന്നു. കഴുത്ത് ഞെരിച്ചതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് ഷമീന മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൈകൾ കൊണ്ട് കഴുത്തുഞെരിച്ചതിന്റെ ലക്ഷണങ്ങളാണ് കഴുത്തിലെ പരിക്കുകളെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും മൊഴി നൽകി.

'പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഷർട്ടിൽ നിന്ന് ലഭിച്ച ഡിഎൻഎ പ്രൊഫൈൽ ഷമീനയുടെ രക്തസാംപിളുമായി പൊരുത്തപ്പെടുന്നതായിരുന്നു. ഈ സാഹചര്യത്തില്‍, സംഭവസമയത്ത് താൻ എവിടെയായിരുന്നുവെന്നും ഷമീനയുമായി എന്തെങ്കിലും തരത്തിലുള്ള സമ്പർക്കം പുലർത്തിയിരുന്നോ എന്നും വ്യക്തമാക്കേണ്ട ബാധ്യത പ്രതിക്കുണ്ടായിരുന്നു. അത് വസ്തുതാപരമായി ബോധ്യപ്പെടുത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല' – ജഡ്ജി നിരീക്ഷിച്ചു.

ഒരാൾക്ക് മാത്രം നേരിട്ടറിയാവുന്ന വസ്തുതകൾ തെളിയിക്കാനുള്ള ബാധ്യത ആ വ്യക്തിക്ക് തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുനിയമത്തിലെ 106-ാം വകുപ്പ് (Section 106) പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. വീടിനുള്ളിൽ വെച്ച് ഭാര്യ കഴുത്തുഞെരിച്ച് കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന ഭർത്താവിന് മരണത്തെക്കുറിച്ച് വിശ്വസനീയമായ വിശദീകരണം നൽകേണ്ട ബാധ്യതയുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി.

എന്നാൽ ആക്രമണം ആരും നേരിട്ട് കണ്ടിട്ടില്ലെന്നും, കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം തെളിയിക്കാനായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ചികിത്സാ സമയത്ത് പ്രതി ഭാര്യയെ പരിചരിച്ചിരുന്നുവെന്നും, ഇരുവരും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്ന് സാക്ഷി മൊഴികളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിയിക്കപ്പെട്ട സാഹചര്യങ്ങൾ പ്രതി നിരപരാധിയാണെന്ന സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നതാണെന്ന് കോടതി പറഞ്ഞു. ഫസ്റുദീന്‍റെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

Delhi Court Convicts Husband of Murdering Wife Based on Circumstantial and Forensic Evidence:

A Delhi trial court has convicted Fazruddin for murdering his wife Shamina inside a house in Sangam Vihar in 2020. Although key family witnesses, including the victim's brother-in-law, turned hostile during the trial, the court ruled that medical and forensic findings formed an unbroken chain of circumstantial evidence. Post-mortem reports confirmed strangulation as the cause of death, while DNA evidence on the accused's shirt matched the victim's blood. Invoking Section 106 of the Indian Evidence Act, the court noted that the husband failed to provide a plausible explanation for his wife’s death occurring in his presence.