AI Generated Image
മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വാര്ത്തയാണ് കോവളത്ത് നിന്നും പുറത്തുവരുന്നത്. അച്ഛനും അമ്മയും മരിച്ച 16കാരിയെ മാതൃസഹോദരിയും ഭര്ത്താവും ചേര്ന്ന് വിറ്റെന്ന് റിപ്പോര്ട്ട്. വിവിധ സ്ഥാപനങ്ങളില് പെണ്കുട്ടിയെ സ്പാ ജീവനക്കാരിയായി ജോലി ചെയ്യിപ്പിച്ച പെണ്കുട്ടി ലൈംഗികചൂഷണത്തിനും ഇരയായിട്ടുണ്ട്.
ആന്ധ്രാ സ്വദേശിയാണ് പെണ്കുട്ടി. കോവളത്ത് ജോലി ചെയ്യുന്ന സ്പായിലെ ജീവനക്കാരനുമായി പെണ്കുട്ടി അടുപ്പത്തിലാകുകയും ഇയാളൊടൊപ്പം കടന്നുകളയുമായിരുന്നു. ഇതോടെ പൊലീസില് പരാതി നല്കി. തുടര്ന്ന് പെണ്കുട്ടിയെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാകുന്നത്. 16കാരിയായ പെണ്കുട്ടിയെ ജോലിക്ക് നിര്ത്തിയിരുന്നത് 20 വയസ് കാണിക്കുന്ന വ്യാജ ആധാര് തിരിച്ചറിയല് കാര്ഡാക്കി ആയിരുന്നു. കേസില് സ്ഥാപനത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ സ്പായിലായിരുന്നു കോവളത്തെത്തും മുന്പ് പെണ്കുട്ടി. കോവളത്ത് മാത്രം എട്ടോളം സ്ഥാപനങ്ങളില് പെണ്കുട്ടിയെ നിര്ത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം നിന്ന് പെണ്കുട്ടി ചൂഷണത്തിനിരയായെന്ന് കണ്ടെത്തി. കുട്ടിയുമായി കടന്ന സ്ഥാപനത്തിലെ ജീവനക്കാരന് പൊലീസ് നിരീക്ഷണത്തിലാണ്. ബിനാമി പേരിലാണ് കോവളത്തെ സ്പാ പ്രവര്ത്തിച്ചിരുന്നത്.
ഇതിനിടെ സംസ്ഥാനത്തെ സ്പാകളില് പോലീസ് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസുകള് രജിസ്റ്റര് ചെയ്തു. ഇതിനോടകം 5 പേര് അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില് 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിര്ദേശാനുസരണമായിരുന്നു "ഓപ്പറേഷന് സ്പാ" എന്ന പ്രത്യേക പരിശോധന നടത്തിയത്.
പരിശോധനയില് ഏറ്റവും കൂടുതല് നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില് 70 എണ്ണത്തില് റെയ്ഡ് നടത്തി. നാല് കേസുകള് രജിസ്റ്റര് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മലപ്പുറം ജില്ലയില് 78 കേന്ദ്രങ്ങളില് 71 റെയ്ഡുകള് നടത്തി. തൃശ്ശൂര് സിറ്റിയില് 58 ല് 56 എണ്ണത്തിലും പാലക്കാട് 71 ല് 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള് വീതം രജിസ്റ്റര് ചെയ്തു. എറണാകുളം റൂറലില് രണ്ടും കോട്ടയം, ഇടുക്കി ജില്ലകളില് ഓരോ കേസ് വീതവും രജിസ്റ്റര് ചെയ്തു. ചട്ടങ്ങള് പാലിക്കാത്ത 44 സ്പാകള്ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി അറിയിച്ചു.