കോഴിഫാമിൽ ജോലിചെയ്യുന്ന അസംകാരന്റെ ബാങ്ക് അക്കൗണ്ടിലൂടെ കോട്ടയം വൈക്കം സിഐയ്ക്ക് മാസപ്പടി. മണ്ണ് മാഫിയ ബന്ധമുള്ളവരും ലോറിക്കാരും വിവിധ കേസുകളിലെ പ്രതികളുമാണ് ഒരു മാസത്തിനിടെ രണ്ടേകാൽ ലക്ഷം രൂപ സി.ഐക്ക് കൈക്കൂലി നൽകിയത്. ഇൻസ്പെക്ടർ പി.എ.ഷെമീർഖാന്റെ സാമ്പത്തിക ഇടപാടുകളിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്.
വൈക്കം സർക്കിൾ ഇൻസ്പെക്ടർ പിഎ ഷെമീർഖാൻ്റെ ഓഫീസിൽ ഇന്നലെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി ഇടപാടുകളുടെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയത്. ഒന്നരമാസം മുൻപ് വൈക്കത്ത് എത്തിയ ഇൻസ്പെക്ടർ ഷെമീർഖാൻ അതി വിദഗ്ധമായാണ് കൈക്കൂലി വാങ്ങിയിരുന്നത്. കോഴിഫാമിൽ ജോലി ചെയ്യുന്ന അസകാരൻ്റെ പേരിൽ കഴിഞ്ഞമാസം അഞ്ചിന് ഷമീർഖാൻ
ബാങ്ക് അക്കൗണ്ട് തുടങ്ങി. അരുൺ എന്നയാളുടെ പേരിലുള്ള മൊബൈൽ നമ്പറാണ് ബാങ്കിൽ കോൺടാക്ട് നമ്പരായി ചേർത്തത്.
ഈ അക്കൗണ്ടിന്റെ ATM കാർഡും കോൺടാക്ട് നമ്പരായി കൊടുത്തിരുന്ന മൊബൈൽ സിം കാർഡും ഉപയോഗിച്ചത് സർക്കിൾ ഇൻസ്പെക്ടർ ഷെമീർഖാനാണ്.
ഇത് രണ്ടും വിജിലൻസ് പിടിച്ചെടുത്തു. കൈക്കൂലി വാങ്ങാൻ വേണ്ടിയായിരുന്നു ബാങ്ക് അക്കൗണ്ട്. മണ്ണ് മാഫിയ ബന്ധമുള്ളവരും,
ലോറി ഉടമകളും ജീവനക്കാരും വിവിധ കേസ്സുകളിലെ പ്രതികളും സിഐക്ക് പണം നൽകി കൊണ്ടേയിരുന്നു. ഒരു മാസം കൊണ്ടുമാത്രം രണ്ടു ലക്ഷത്തി 28,000 രൂപയാണ് ബാങ്ക് അക്കൗണ്ടിൽ എത്തിയത്. അക്കൗണ്ടിൽ എത്തിയ പണം വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ വിവിധ എടിഎമ്മുകളിൽ നിന്നാണ് ഇൻസ്പെക്ടർ പിൻവലിച്ചത്. ഹെൽമറ്റും മാസ്കും ധരിച്ച് സി.ഐ പണം പിൻവലിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചിട്ടുണ്ട്.അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.