പ്രതികളായ ദമ്പതികള്ക്കൊപ്പം യുപി പൊലീസ് (Image Credit: X)
ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ വീട്ടില് വിളിച്ചുവരുത്തി ഭാര്യയുടെയും ബന്ധുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി. ഉത്തര്പ്രദേശിലെ ബറെയ്ച്ചിലാണ് സംഭവം. ബസ്തി സ്വദേശിയായ ആകാശ് ഗുപ്ത (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാര് ഗുപ്ത, ഭാര്യ പൂനം ദേവി എന്നിവരെ അറസ്റ്റ് ചെയ്തു. പൂനത്തിന്റെ പിതാവ് ഫൂല്ചന്ദ്, സഹോദരന് അനൂജ് എന്നിവര്ക്കുവേണ്ടി തിരച്ചില് തുടരുകയാണ്.
പുഴയ്ക്കരികില് നിന്നും മൃതദേഹം പൊലീസ് കണ്ടെടുത്തപ്പോള് (Image Credit:X/UPPolice)
ഞായറാഴ്ച മതേര പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പിപ്രാവ കനാലിന്റെ തീരത്ത് ചാക്കില് കെട്ടിയ നിലയില് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന്റെ തുടക്കം. മൃതദേഹം തിരിച്ചറിയാന് കഴിയാതിരുന്നതോടെ പൊലീസ് മരിച്ചയാളുടെ ചിത്രമുള്പ്പെടുത്തി പരിസര പ്രദേശങ്ങളില് നോട്ടിസ് വിതരണം ചെയ്തു. ഒടുവില് ബസ്തി സ്വദേശി മഹാദേവ് ഗുപ്തയുടെ മകന് ആകാശ് ഗുപ്തയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കള് തിരിച്ചറിഞ്ഞു.
ആകാശിന്റെ സഹോദരന് മതേര പൊലീസ് സ്റ്റേഷനില് നല്കിയ പരാതിയില് രാജ്കുമാര് ഗുപ്ത, പൂനം ദേവി എന്നിവരുടെ പേരുകള് പരാമര്ശിച്ചിരുന്നു. ഇവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. അവരുടെ മൊബൈല് ഫോണ് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടര്ന്ന് ഇരുവരെയും മൊഴിയെടുക്കാന് വിളിച്ചുവരുത്തി. ചോദ്യംചെയ്യലിനൊടുവില് രാജ്കുമാറും പൂനം ദേവിയും കുറ്റം സമ്മതിച്ചു. പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ആകാശും പൂനം ദേവിയും നേരത്തേ അടുപ്പത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ രാജ്കുമാര് ആകാശിനെ കര്ശനമായി താക്കീത് ചെയ്തു. ആകാശിനെതിരെ പൊലീസില് പരാതിയും നല്കിയിരുന്നു. എന്നിട്ടും ബന്ധത്തില് നിന്ന് പിന്മാറാന് ആകാശ് തയാറായില്ല. തന്നെ കാണാന് പൂനം ദേവിയെ ഇടയ്ക്കിടെ നിര്ബന്ധിക്കുകയും ചെയ്തു. ഒടുവില് ശനിയാഴ്ച കാണാമെന്നുപറഞ്ഞ് പൂനം ആകാശിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രാജ്കുമാറിന്റെ നിര്ദേശപ്രകാരമായിരുന്നു ഇത്.
മുംബൈയില് നിന്ന് പൂനം ദേവിയുടെ വീട്ടിലെത്തിയ ആകാശിനെ കാത്ത് രാജ്കുമാറും പൂനത്തിന്റെ പിതാവും സഹോദരനും നില്പ്പുണ്ടായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ രാജ്കുമാറും പൂനവും ഫൂല്ചന്ദും അനൂജും ചേര്ന്ന് ആകാശിനെ പിടിച്ചുവച്ച് ഇലക്ട്രിക് വയര് കഴുത്തില് ചുറ്റി ശ്വാസംമുട്ടിച്ചും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തി. തുടര്ന്ന് മൃതദേഹം ചാക്കിലാക്കി കാറില് കയറ്റി പിപ്രാവാ കനാലിന്റെ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു.
വിശദമായ അന്വേഷണത്തിനും ചോദ്യംചെയ്യലിനുമൊടുവില് കൊല നടത്താന് ഉപയോഗിച്ച ഇലക്ട്രിക് വയറും ആകാശിനെ അടിക്കാന് ഉപയോഗിച്ച വടികളും കണ്ടെത്തി. മൃതദേഹം കൊണ്ടുപോയ ബൊലേറോ കാറും കസ്റ്റഡിയിലെടുത്തു. ഫൂല്ചന്ദിനെയും അനൂജിനെയും കണ്ടെത്താന് പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ബറെയ്ച്ച് പൊലീസ് അറിയിച്ചു. രാജ്കുമാറും പൂനം ദേവിയും റിമാന്ഡിലാണ്.