കോഴിക്കോട് നാദാപുരം എം ഇ ടി കോളജില്‍ സീനിയര്‍– ജൂനിയര്‍  വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍  അറസ്റ്റില്‍. 23 പേരെ സസ്പെന്‍ഡ് ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്ന്  കോളജ്  അടച്ചു. പ്രശ്നം പരിഹരിക്കാനായി  മാനേജ്മെന്റ്  അധ്യാപകരുടെ യോഗം വിളിച്ചു. 

 

പൊലീസ് നേരിട്ട് റജിസ്റ്റര്‍ ചെയ്ത കേസിലാണ്  നാല് മൂന്നാംവര്‍ഷ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. മര്‍ദനമേറ്റ  ഒന്നാം വർഷ വിദ്യാർഥി മുഹമ്മദ് നജാദിന്റെ പരാതിയില്‍  മറ്റ് ആറുപേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. ഇവരെയും അധികം വൈകാതെ അറസ്റ്റ് ചെയ്യും. 17 സീനിയര്‍ വിദ്യാർഥികളുള്‍പ്പടെ 23 പേരെ മാനേജ്മെന്റ്  സസ്പെൻഡ് ചെയ്തു.കോളജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കൂടുതല്‍പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ എൻ.കെ. ഷാനിഫ് പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ മര്‍ദനത്തില്‍ കലാശിച്ചത്.  ഇന്നലെ  രാവിലെ ഒൻപതരയോടെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചതോടെയാണ് സംഘര്‍ഷത്തിന്റ തുടക്കം.  പിന്നാലെ ജൂനിയർ വിദ്യാർഥികളും സംഘടിച്ചെത്തി സീനിയർ വിദ്യാർഥികളെ മർദിച്ചതോടെ കോളജ് പരിസരം സംഘർഷഭൂമിയായി.

 

കല്ലാച്ചി കോർട്ട് റോഡ്, കോളജ് പരിസരം, തൂണേരി പട്ടാണിക്കിണർ, നാദാപുരം ഗവൺമെന്റ് ആശുപത്രി പരിസരം എന്നിവിടങ്ങളിലും ഏറ്റുമുട്ടൽ തുടർന്നു. പൊലീസെത്തി ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്.    കോളജ് തല്‍ക്കാലത്തേക്ക് അടച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി മാനേജ്മെന്റ് അധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്. രക്ഷിതാക്കളുമായും ചര്‍ച്ച നടത്തും 

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the violent student clash at MET College Nadapuram, which resulted in four arrests and twenty-three suspensions. The confrontation, triggered by an Instagram video dispute, led authorities to temporarily close the campus and initiate disciplinary investigations.