തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച ചാല സ്വര്‍ണക്കവര്‍ച്ചയില്‍ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്വര്‍ണക്കടകളിലും വീടുകളിലും മോഷണം നടന്നിട്ടുണ്ടെങ്കിലും സ്വര്‍ണവുമായി പോകുന്ന വഴിയില്‍ നിന്ന് കവര്‍ച്ച നടത്തുന്നത് ഇതാദ്യമാണ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്നും കാര്യമായ തുമ്പൊന്നും കിട്ടിയിട്ടില്ല. മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്കുകളുടെ നമ്പരുകളും ഈ ദൃശ്യങ്ങളില്‍ വ്യക്തമല്ല.

ഇതോടെ മോഷ്ടാക്കളുടെ ബൈക്കുകളുടെ മോഡല്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. പ്രതികള്‍ സഞ്ചരിച്ചത് എന്ന് കരുതുന്ന ബൈക്ക് നഗരത്തില്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഉടമകളുടെ നമ്പരുകളും ശേഖരിച്ചു കഴിഞ്ഞു. ഉടമകളെ ബന്ധപ്പെട്ട് അവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതില്‍ ഇന്നലെ രാത്രി നഗരത്തിലുണ്ടായിരുന്ന ബൈക്കുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണക്കടയുടമയുടെ സഞ്ചാര സമയം അറിയുന്നവരാണ് മോഷ്ണടാക്കളെന്നും പൊലീസ് ഉറപ്പിക്കുന്നു. എന്നും മകനോട് ഒപ്പം വീട്ടിലേക്ക് പോകുന്ന കടയുടമ ഇന്നലെ ഒറ്റക്ക് പോയതും ദുരൂഹമാണ്.

സ്വര്‍ണമെത്ര? അവ്യക്ത തുടരുന്നു 

എത്ര സ്വര്‍ണമാണ് നഷ്ടമായത് എന്നതിലും അവ്യക്തത തുടരുകയാണ്. മോഷണം നടന്നതിന് പിന്നാലെ രണ്ട് കിലോ സ്വര്‍ണം എന്നാണ് പൊലീസിന് കടയുടമ മൊഴി നല്‍കിയത്. എന്നാല്‍ രാവിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ 15 പവന്‍ എന്നാണ് പറഞ്ഞത്. ബില്ലുകള്‍ ഇല്ലാത്തിനാല്‍ 15 പവന്‍ എന്ന് പറയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അപ്പോഴും എത്ര സ്വര്‍ണം നഷ്ടമായി എന്നതില്‍ അവ്യക്തത തുടരുകയാണ്. രണ്ട് കിലോ തന്നെയെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. ശുദ്ധീകരിക്കാനായി പലകടകളില്‍ നിന്നും ശേഖരിച്ചിട്ടുള്ള സ്വര്‍ണമായതിനാല്‍ ബില്ലുകള്‍ ഇല്ലെന്നത് കടയുടമയ്ക്കും തലവേദനയാകും.

ആദ്യം പ്രതികള്‍

സ്വര്‍ണത്തിന്‍റെ കണക്കുകളെ സംബന്ധിച്ചുള്ള ദുരൂഹതയ്ക്കപ്പുറം പ്രതികളെ കണ്ടെത്തുന്നതിലാണ് പൊലീസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരാണ് സ്വര്‍ണം കവര്‍ന്നത് എന്ന് കണ്ടെത്താതെ മറ്റു ദുരൂഹതകളിലേക്ക് പോകുന്നതില്‍ അര്‍ഥമില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

ENGLISH SUMMARY:

Kerala Police have intensified their probe into the sensational Chalai gold heist in Thiruvananthapuram, forming special teams to track down the culprits. Since CCTV footage failed to capture clear vehicle registration numbers, investigators are currently tracking rare motorcycle models used by the suspects in the city. Confusion persists regarding the exact quantity of gold stolen, with the owner initially reporting two kilograms to the police before claiming 15 sovereigns to the media due to a lack of proper bills.