കൊല്ലം ഇരവിപുരത്ത് സായ എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് വിവരം അറിയിച്ചതെന്നും കുടുംബം പറയുന്നു. സായയുടെ ഒരു ലാപ്‌ടോപ് നഷ്ടമായിട്ടുണ്ട്. അത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സായയുടെ അമ്മ പറഞ്ഞു. 

മകൾ മരിച്ച് 11 ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുത്തതെന്നും ഇതുവരെ സിസിടിവി പരിശോധിച്ചിട്ടില്ലെന്നും സായയുടെ കുടുംബം പറയുന്നു. സായ ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നെന്ന് സായയുടെ സുഹൃത്തും ആരോപിക്കുന്നു. ജോലി കിട്ടിയിട്ടും അഫ്സല്‍ ജോലിക്ക് വിട്ടില്ലെന്ന് സായ പറഞ്ഞിരുന്നു. വസ്തു എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സുഹൃത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.  

സായ മരിച്ച സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ രക്ഷിതാക്കൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. അഫ്സലിന്റെ അമ്മാവൻ ഭൂമി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. ഇത് സായയെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും കുടുംബം പറയുന്നു. 

അഫ്സൽ പണത്തിന് വേണ്ടി സായയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും കുടുംബം ആരോപിക്കുന്നു. ഒക്ടോബർ 31-ാം തീയതി രാത്രിയാണ് സായയെ ഭർത്താവ് അഫ്‌സലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ENGLISH SUMMARY:

Saya Kollam death news highlights the grieving family's serious allegations of foul play and police inaction behind the tragic incident at her husband's home in Iravipuram. The grieving relatives have demanded a thorough investigation into the suspicious circumstances surrounding her untimely demise.