നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ നിർണായക വിവരങ്ങളുമായി പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. റിപ്പോട്ടിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. സുഹൈലാണ് കേസിലെ ഒന്നാം പ്രതി. ആകെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് സുഹൈൽ വാഹനമോടിച്ചത്. സുഹൈൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ രണ്ട് മുതൽ നാല് വരെ പ്രതികൾ ശ്രമിച്ചില്ലെന്നു മാത്രമല്ല, കൂടുതൽ വേഗത്തിൽ വാഹനമോടിക്കാൻ ഇവർ പ്രേരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. Also Read: 'ലോക്കപ്പില്‍ പ്രതി മലര്‍ന്ന് കിടന്നുറക്കം; അമിതമായി മദ്യപിച്ചുവെന്നത് എഫ്ഐആറിലില്ല'; അട്ടിമറി ശ്രമെന്ന് ഗോപികയുടെ കുടുംബം
കേസിലെ രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. നാലാം പ്രതിയായ അമീർ മദ്യപിച്ചിരുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഹൈൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ മറ്റ് മൂന്ന് പ്രതികളും ശ്രമിച്ചില്ലെന്നും പകരം കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നുമാണ് റിപ്പോർട്ടിലെ ആരോപണം. അപകടവുമായി ബന്ധപ്പെട്ട് പ്രതികളുടെ പങ്കും സാഹചര്യങ്ങളും വിശദമായി പരിശോധിക്കാനാണ് പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്.
കേസിൽ സുഹൈലിന് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സുഹൈലിനെ ബോസ്റ്റൺ സ്കൂളിലേക്ക് അയച്ചത് കോടതിയാണെന്നും മന്ത്രി പ്രതികരിച്ചു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ട് അബ്കാരി നിയമത്തിലെ 15A വകുപ്പ് പ്രകാരമാണ് സുഹൈലിനെതിരെ എക്സൈസ് കേസെടുത്തത്. സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെയും എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സുഹൈലിന്റെ രാസപരിശോധനാ ഫലം പുറത്തുവന്നശേഷം മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി ഗോപികയുടെ കുടുംബം പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചു. മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസ് അട്ടിമറിക്കപ്പെടുമോയെന്നാണ് കുടുംബത്തിന്റെ ആശങ്ക. പ്രതി മദ്യപിച്ചിരുന്ന കാര്യം ആദ്യ എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആഭ്യന്തരമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും ഗോപികയുടെ പിതാവ് പ്രദീപ് കുമാർ ആവശ്യപ്പെട്ടു. കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അന്വേഷണം സുതാര്യമായി മുന്നോട്ടുപോകണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.
അതേസമയം, 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രായപരിധി സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.