• മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരില്‍ കെഎസ്ഇബി ട്രാന്‍സ്ഫോമറില്‍ നിന്ന് ഫ്യൂസ് ഊരി അജ്ഞാതന്‍ നാടിനെ ഇരുട്ടിലാക്കുന്ന നിര്‍ണായക സിസിടിവി ദൃശ്യം മനോരമ ന്യൂസിന്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരില്‍ കെഎസ്ഇബി ട്രാന്‍സ്ഫോമറില്‍ നിന്ന് ഫ്യൂസ് ഊരി നാടിനെ ഇരുട്ടിലാക്കുന്ന നിര്‍ണായക സിസിടിവി ദൃശ്യം മനോരമ ന്യൂസിന്. കുറ്റവാളിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഫ്യൂസ് ഊരിയത് കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്ന ആരോപണവുമായി സിപിഎം രാഷ്ട്രീയ ഏറ്റുമുട്ടല്‍ ശക്തമാക്കി.

രാത്രി ഫ്യൂസ് ഊരി നാടിനെ ഇരുട്ടിലാക്കി.. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതന്‍. മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിലെ വിവിധയിടങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ഇരുട്ടടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏഴിക്കര സെക്ഷന് കീഴിലെ കൈതാരം നോര്‍ത്തിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് സെപ്റ്റംബര്‍ 6നാണ് ഫ്യൂസ് ഊരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

സമീപത്തെ വീട്ടിലെ സിസിടിവി ക്യമാറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ യുവാവ് എയര്‍ ബ്രേക് സ്വിച്ച് തുറന്ന് ഹാന്‍ഡില്‍ വലിക്കുന്നത് കാണാം. പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടിരുന്നു. കെഎസ്ഇബി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസ് ബന്ധമുള്ളവരാണ് ഫ്യൂസ് ഊരിയതെന്ന് സിപിഎം ആരോപിക്കുന്നു. 

വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഔദ്യോഗികമായി ഏര്‍പ്പെടുത്തിയ പവര്‍ കട്ട് കൂടാതെ ഇത്തരം ഫ്യൂസ് ഊരല്‍ കൂടിയായപ്പോള്‍ കനത്ത ചൂടില്‍ ജനം ഉരുകി. കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ ചിലര്‍ ബോധപൂര്‍വം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. അത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നല്‍കി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആരോപണം നിഷേധിച്ച് രംഗത്തുവന്നിരുന്നു. പറവൂരില്‍ ഫ്യൂസ് ഊരിയത് നാട്ടുകാരന്‍ തന്നെയാണെന്നാണ് വിവരം. 

ENGLISH SUMMARY:

CCTV footage showing an unidentified person removing the fuse from a KSEB transformer at Kaitharam North in Paravur on September 6, disrupting power supply. Similar incidents were reported from several parts of Paravur, with repeated nighttime fuse removals causing concern among residents. Police registered a case based on a KSEB complaint and said the suspect had been identified but was absconding. The CPM alleged that the person had links with the Congress, while Chief Minister V.D. Satheesan had earlier raised concerns over deliberate attempts to disrupt power supply.