• അൻപതാമത് വയലാർ അവാർഡ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന കൃതിക്ക്. വയലാർ രാമവർമ സ്മാരക ട്രസ്റ്റ് അംഗവും കവിയുമായ പ്രഭാ വർമ്മയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അൻപതാമത് വയലാർ അവാർഡ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന കൃതിക്ക്. വയലാർ രാമവർമ സ്മാരക ട്രസ്റ്റ് അംഗവും കവിയുമായ പ്രഭാ വർമ്മയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്‌കാരം സമ്മാനിക്കും.

 

ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ അടങ്ങിയ ജൂറിയാണ് ‘ആത്രേയകം’ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. വയലാർ രാമവർമയുടെ സ്മരണാർഥം നൽകുന്ന പുരസ്‌കാരമാണ് വയലാർ അവാർഡ്. മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികൾക്ക് വർഷംതോറും നൽകിവരുന്ന പുരസ്‌കാരത്തിന്റെ അൻപതാമത് പതിപ്പിനാണ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ അർഹമായത്.

 

വലിയ കവിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വയലാർ അവാർഡ് ജേതാവ് ആർ. രാജശ്രീ. കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് എഴുത്തിലേക്ക് തിരിച്ചെത്തിയതെന്നും ‘ആത്രേയകം’ ഗവേഷണത്തിന്റെ ഭാഗമായി ആരംഭിച്ച നോവലാണെന്നും രാജശ്രീ പറഞ്ഞു. പിന്തള്ളപ്പെട്ട മനുഷ്യരാണ് ‘ആത്രേയക’ത്തിന്റെ ഉള്ളടക്കം. വയലാർ അവാർഡ് വളരെ വിലപ്പെട്ട അംഗീകാരമാണ്. മുൻകാല അവാർഡ് ജേതാക്കളുടെ പേരുകൾ പഠിച്ചയാളെ തേടിയാണ് ഇപ്പോൾ ഈ അവാർഡ് എത്തിയിരിക്കുന്നത്. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷമുണ്ട്. എഴുത്ത് രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് ആർ. രാജശ്രീ പറഞ്ഞു.

 

1977 ജൂലൈ 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് ആർ. രാജശ്രീ ജനിച്ചത്. പി.എൻ. രാജപ്പൻ മാസ്റ്ററും ആർ. രാജമ്മയുമാണ് മാതാപിതാക്കൾ. പയ്യന്നൂർ കോളേജ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, ഗവൺമെന്റ് ട്രെയിനിങ് കോളേജ്, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡോ. കെ.പി. മാലതിയുടെ മേൽനോട്ടത്തിൽ ‘സ്ത്രീരചനകളിലെ സ്ത്രീ സ്വത്വനിർമിതി’ എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടി.

 

2000 മുതൽ 2005 വരെ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു. തുടർന്ന് വിവിധ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും അധ്യാപികയായി. പിന്നീട് കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജ്, കണ്ണൂർ കെ.എം.എം. ഗവൺമെന്റ് വനിതാ കോളേജ്, കാസർകോട് ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. നിലവിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ മലയാള പഠനവിഭാഗം–ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ആർ. രാജശ്രീ.

ENGLISH SUMMARY:

R. Rajashree has won the 50th Vayalar Award for her novel ‘Athreyakam’. The award, carrying ₹1 lakh, a sculpture by Kanayi Kunhiraman and a citation, will be presented by Chief Minister V.D. Satheesan at a ceremony in Thiruvananthapuram on the 27th. Rajashree said the novel began as part of her research and focuses on marginalised people. She returned to writing after nearly 25 years and described the Vayalar Award as a valuable recognition. Rajashree, who holds a PhD from Kannur University, is currently an Assistant Professor at Government Brennen College, Thalassery.