aswathy-achu

കൊല്ലം ചടയമംഗലത്ത് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ അറസ്റ്റില്‍. ആയൂർ സ്വദേശി അമൃത (18) യാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. അമ്മ പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകി. അമ്മ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി (37)  ഇപ്പോഴും ഒളിവിലാണ്. ഹണി ട്രാപ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു. 

സ്വത്തുതർക്കത്തെ തുടർന്നായിരുന്നു വയോധികയോടുള്ള ക്രൂരത. ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അമൃതയുടെ മൊഴി. സംഭവത്തിനു പിന്നാലെ, അന്ന് രാത്രി തന്നെ അശ്വതി മകളെ ഭർത്താവിന്‍റെ വീട്ടിൽ  കൊണ്ടുചെന്നാക്കി. അവിടെ നിന്നാണ് അമൃത പിടിയിലായത്. അശ്വതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ അമൃതയാണ് ഒന്നാം പ്രതി. 

ENGLISH SUMMARY:

In a disturbing incident, a granddaughter has been arrested in Kollam for allegedly pouring boiling water on her elderly grandmother following a property dispute. The 18-year-old, Amrutha, confessed to the act, claiming she was instructed by her mother, Ashwathi, who is currently absconding and has a history of criminal cases.