theft-caught-viral

TOPICS COVERED

വീട്ടിൽ നിന്ന് മോഷണം നടത്തിയ ജോലിക്കാരിയെ കൈയോടെ പിടികൂടി വീട്ടുടമ. മോഷണം പിടികൂടിയിട്ടും പൊലീസില്‍ ഏല്‍പിക്കാതെ, ജോലി ചെയ്ത ദിവസങ്ങളിലെ വേതനം മുഴുവൻ നൽകി പറഞ്ഞുവിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീട്ടുജോലിക്കാരി വീട്ടുടമയ്ക്ക് മുന്നിൽ മുട്ടുകുത്തി കൈകൂപ്പി മാപ്പുപറയുന്നതും എന്നാൽ നാടകം വേണ്ടെന്ന് പറഞ്ഞ് കണക്കുകൾ തീർത്തുനൽകി വീട്ടുടമ ഇവരെ വിട്ടയക്കുന്നതുമാണ് വിഡിയോയിലുള്ളത്. 

തൊഴിലുടമയും ജീവനക്കാരിയും തമ്മിലുള്ള വിശ്വാസ്യത, തർക്കങ്ങൾ പരിഹരിക്കുന്ന രീതി, സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന്റെ മനോഭാവം എന്നിവയെച്ചൊല്ലി സംഭവത്തിനു പിന്നാലെ വൻ ചർച്ചകളാണ് സോഷ്യല്‍മീഡിയയിലുള്ളത്.

വീട്ടിൽ മോഷണം നടക്കുകയും അത് കൈയോടെ പിടികൂടുകയും ചെയ്തെങ്കിലും സംഭവസ്ഥലത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്യാതെയാണ് പ്രശ്നം പരിഹരിച്ചത്. ഒരു പ്രശ്നമുണ്ടാകുമ്പോൾ അത് എത്ര ശാന്തമായി നേരിടണമെന്ന് ഈ സംഭവം കാണിച്ചുതരുന്നുവെന്നാണ് ഒരുപക്ഷം ആളുകളുടെ പ്രതികരണം. അക്രമത്തിലേക്കോ പരസ്യ അപമാനത്തിലേക്കോ കടക്കാതെ വിഷയം ലളിതമായി കൈകാര്യം ചെയ്തത് മികച്ച പ്രവര്‍ത്തിയാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. സ്വകാര്യമായി പരിഹരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു സംഭവം എന്തിനാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും, ജോലിക്കാരിയുടെ മുഖം പോലും മറയ്ക്കാതെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ശരിയായില്ലെന്നുമാണ് എതിര്‍ വിഭാഗത്തിന്‍റെ വാദം. മോഷണം നടന്നുവെന്നത് വീട്ടുടമയുടെ മാത്രം ആരോപണമാണെന്നും ജോലിക്കാരിയുടെ ഭാഗം കേൾക്കാൻ തയ്യാറായിട്ടില്ലെന്നും വിമർശകർ വ്യക്തമാക്കുന്നു. മോഷണം നടന്നിട്ടുണ്ടെങ്കിൽ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തെയും സ്വകാര്യതയെയും ചോദ്യം ചെയ്യുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച നടപടി അത്ര നല്ലതല്ല എന്ന അഭിപ്രായവുമുയരുന്നുണ്ട്.

ENGLISH SUMMARY:

A houseowner in Kerala recently caught a domestic worker stealing from the house and confronted her on camera. Instead of filing a police complaint, the owner paid her full wages for the days worked and let her go after warning her against drama.