പ്രതീകാത്മക ചിത്രം. എഐ ഉപയോഗിച്ച് നിര്‍മിച്ചത്.

ദളിത് യുവാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ പട്ടി പൊലീസ് സ്റ്റേഷനിലാണ് അർജുൻ ഗൗതം എന്ന ദളിത് യുവാവിനെ കഴിഞ്ഞ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ യുവാവ് പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും ആത്മഹത്യയാണെന്ന് പൊലീസ് വരുത്തിതീര്‍ക്കുകയാണെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. 

മോൽനാപൂർ ഗ്രാമവാസിയായ അർജുനെ, തന്റെ ഗ്രാമത്തിലെ 17 വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. അർജുനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ബ്രാഹ്മണ ജാതിയില്‍ പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഈ ബന്ധത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. 

ഇവർ മുൻപും ഒരിക്കൽ ഒളിച്ചോടിയിരുന്നു. അന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതേത്തുടർന്ന് അർജുനെതിരെയുള്ള കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും ഇവർ ഒളിച്ചോടിയതോടെ പെൺകുട്ടിയുടെ കുടുംബം പുതിയ പരാതി നൽകി. തുടർന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും ഡൽഹിയിൽ നിന്ന് അർജുനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങൾ വിവാഹിതരായി ഒന്നിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് അർജുൻ പറഞ്ഞിരുന്നത്. 

സ്റ്റേഷനിലെ ഇൻവെസ്റ്റിഗേഷൻ റൂമിൽ വെച്ച് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട അർജുൻ, അവിടെയുണ്ടായിരുന്ന കമ്പിളി പുതപ്പ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് വാദം അർജുന്റെ പിതാവ് ലല്ലുറാമും സഹോദരി കാഞ്ചനയും തള്ളിക്കളഞ്ഞു. അർജുനെ കാണാൻ പൊലീസ് തങ്ങളെ അനുവദിച്ചില്ല. പെൺകുട്ടിയുടെ കുടുംബവുമായി ഗൂഢാലോചന നടത്തി പൊലീസുകാര്‍ അർജുനെ തല്ലി കൊന്നതാണെന്നും, പിന്നീട് അത് ആത്മഹത്യയാക്കി തീർക്കാൻ ശുചിമുറിയിൽ കെട്ടിത്തൂക്കിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

യുവാവിന്‍റെ കസ്റ്റഡി മരണത്തെത്തുടർന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. പിന്നാലെ പട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ ആനന്ദ് പാൽ സിങ്, ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഓംകാർ സിങ് എന്നിവരെ പ്രതാപ്ഗഢ് പോലീസ് സൂപ്രണ്ട് ദീപക് ഭുകർ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലായ പൊലീസുകാർക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കുമെതിരെ കൊലപാതകത്തിനും എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയല്‍ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ENGLISH SUMMARY:

A Dalit youth named Arjun Gautam died in police custody at the Patti police station in Uttar Pradesh's Pratapgarh district after being detained over an intercaste relationship with a Brahmin girl. While the police claimed the victim committed suicide in the station washroom using a blanket, his family alleged he was tortured to death in collusion with the girl's family. Following massive public outrage and protests over the alleged custodial murder, the Pratapgarh Superintendent of Police suspended the Station House Officer and the Investigation Officer. Authorities have registered a murder case under the SC/ST Prevention of Atrocities Act against the suspended officers and the girl's family members, alongside ordering a magisterial inquiry.