yuvraj-singh-manchanda-murder

പ്രതിയായ അന്യ വത്സ്, കൊല്ലപ്പെട്ട യുവ്‌രാജ് സിങ് മഞ്ചന്ദ

TOPICS COVERED

അദാനി റിയൽറ്റി എക്സിക്യൂട്ടീവ് യുവ്‌രാജ് സിങ് മഞ്ചന്ദയെ (31) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അന്യ വത്സും കാമുകൻ സംയം സച്‌ദേവയും കോടികളുടെ തട്ടിപ്പ് ശൃംഖല നടത്തുന്ന സംഘമെന്ന് പൊലീസ്. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വധക്കേസിലെ പ്രതികളുടെ ക്രൂരതകളും ഭീഷണികളും നിറഞ്ഞ തട്ടിപ്പ് വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നത്. പ്രതികൾ തങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും സഹപാഠികളെയുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയാക്കിയിരുന്നത്.

യുവ്‌രാജിനെ വധിക്കുന്നതിന് മുന്‍പ് സംയം സച്‌ദേവയുടെ സഹപാഠിയായ ബാങ്കിങ് ഉദ്യോഗസ്ഥനില്‍ നിന്നും പ്രതികള്‍ കോടികള്‍ തട്ടിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വ്യാജ നോട്ടിസുകൾ വാട്‌സ്ആപ്പിൽ അയച്ചായിരുന്നു തട്ടിപ്പ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, ലഹരിമരുന്ന് വിരുദ്ധ നിയമം, യുഎപിഎ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളിൽ നിന്ന് കോടികൾ തട്ടിയത്. ‘നിന്റെ ഭാര്യയെ വിറ്റോ മറ്റെന്തെങ്കിലും ചെയ്തോ പണം തരണം’ എന്നാണ് ഉദ്യോഗസ്ഥന് പ്രതികള്‍ അയച്ച ഭീഷണി സന്ദേശം. ഈ ഉദ്യോഗസ്ഥനിൽ നിന്ന് മാത്രം 1.2 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

‌‌കൂടാതെ, സംയം സച്‌ദേവ സ്വന്തം ഭാര്യയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലെ 4.5 കോടി രൂപയുടെ വസ്തു തട്ടിയെടുത്തതായും പരാതിയുണ്ട്. ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് നിലവിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

യുവ്‌രാജിന്റെ കൊല തട്ടിപ്പുകൾ പുറത്തറിയാതിരിക്കന്‍?

റിയൽ എസ്റ്റേറ്റ് രംഗത്ത് ഒന്നിച്ചു പ്രവർത്തിച്ചിരുന്ന യുവ്‌രാജ് പ്രതികളുടെ തട്ടിപ്പുകളെക്കുറിച്ചും വ്യാജ ഇടപാടുകളെക്കുറിച്ചും മനസ്സിലാക്കിയതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്. കഴിഞ്ഞ സെപ്റ്റംബർ 6-ന് ക്ലയന്റ് മീറ്റിങ് ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവ്‌രാജിനെ ഗുഡ്ഗാവിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കാറിനുള്ളിൽ വെച്ച് വെടിവെച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡ്രെയിനേജിൽ തള്ളുകയായിരുന്നു. സെപ്റ്റംബർ 10-നാണ് ഗുഡ്ഗാവിലെ അഴുക്കുചാലിൽ നിന്ന് യുവ്‌രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷവും രണ്ടുദിവസത്തോളം യുവ്‌രാജിന്റെ മൃതദേഹം കാറിന്റെ പിൻസീറ്റിൽ പ്രതികൾ ഒളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ സെപ്റ്റംബർ 6 മുതൽ 8 വരെ കാറില്‍ മൃതദേഹവുമായി ഇവർ നഗരത്തിൽ സഞ്ചരിക്കുകയും വിവിധ സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യുകയും ചെയ്തു. മൃതദേഹം ജീർണിച്ചുതുടങ്ങിയതോടെയാണ് സെപ്റ്റംബർ 8-ന് രാത്രി ഗുഡ്ഗാവിലെ അഴുക്കുചാലിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മൃതദേഹം പൊങ്ങിവരാതിരിക്കാൻ വലിയ കല്ലുകൾ കെട്ടിവെച്ച ശേഷമാണ് അഴുക്കുചാലിലേക്ക് തള്ളിയത്.

യുവ്‌രാജിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം എങ്ങനെ ഇല്ലാതാക്കാം, ഒളിപ്പിക്കാം, എങ്ങനെ തെളിവുകള്‍ നശിപ്പിക്കാം എന്ന് ഇരുവരും ഗൂഗിളിൽ തിരഞ്ഞിരുന്നോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ഉത്തരാഖണ്ഡിലേക്ക് കടന്ന പ്രതികൾ പൊലീസിന്‍റെ കണ്ണുവെട്ടിക്കാൻ ബൃന്ദാവനിൽ തങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

ENGLISH SUMMARY:

Delhi Police revealed that Anya Vats and her boyfriend Samyam Sachdeva, arrested for the murder of Adani Realty executive Yuvraj Singh Manchanda, operated a multi-crore extortion network. The duo targeted close friends and classmates, using forged Enforcement Directorate and Ministry of Home Affairs notices to extort large sums. Police suspect Yuvraj was murdered after he uncovered their fraudulent activities and fake real estate deals. Following the murder inside a car, the accused drove around with the body for two days before dumping it in a Gurgaon drain attached to heavy stones.