തന്റെ അടുത്തേക്ക് വരാൻ മടിച്ചെന്ന കാരണത്താൽ രണ്ടുവയസ്സുകാരനെ പിതാവ് ക്രൂരമായി മർദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെ കല്യാൺ വെസ്റ്റ് സ്വദേശിയായ രാഹുൽ സുരേഷ് വിസാലെയാണ് സ്വന്തം മകനോട് ക്രൂരത കാട്ടിയത്. കുട്ടിയെ നിലത്തെറിഞ്ഞ ഇയാൾ, കൈ ചൂടുള്ള പ്ലേറ്റിൽ അമർത്തി വിരലുകൾ പൊള്ളിക്കുകയും തടയാൻ ശ്രമിച്ച ഭാര്യയെ ചൂൽ കൊണ്ട് മർദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ബസാർപേട്ട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി പ്രകാരം, സെപ്റ്റംബർ 13-ന് രാത്രി 11 മണിയോടെയാണ് സംഭവം. രാഹുലും ഭാര്യ രോഹിണിയും തമ്മിൽ കുറച്ചുകാലമായി കുടുംബവഴക്ക് നിലനിന്നിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നു. ദാമ്പത്യ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി രോഹിണിയോട് രണ്ട് മാസം ഭർത്താവിനൊപ്പം താമസിക്കാൻ കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് രോഹിണി സ്വന്തം വീട്ടിൽ നിന്ന് കല്യാൺ പർനാകയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയിരുന്നു. എന്നാൽ, പഴയ തർക്കങ്ങളുടെ പേരിൽ രാഹുലിന് മനസ്സിൽ വൈരാഗ്യം നിലനിന്നിരുന്നതായി രോഹിണി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവ ദിവസം കുട്ടി തന്റെ അടുത്തേക്ക് വരാതെ മാറിയതിൽ രാഹുൽ പ്രകോപിതനാവുകയായിരുന്നു. കുട്ടിയെ നിലത്തേക്ക് വലിച്ചെറിഞ്ഞ രാഹുൽ, അടുക്കളയിലെ ചൂടുള്ള പ്ലേറ്റിൽ കുട്ടിയുടെ കൈ ബലമായി അമർത്തിപ്പിടിക്കുകയും ചെയ്തു. ഇതിൽ കുട്ടിയുടെ മൂന്ന് വിരലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച രോഹിണിയെ ഇയാൾ ചൂലെടുത്ത് ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത, ബാലനീതി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം രാഹുൽ സുരേഷ് വിസാലെയ്‌ക്കെതിരെ ബസാർപേട്ട് പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.