crime-news

ജമ്മുവില്‍ ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ജമ്മുവിലെ ലോവർ രൂപ് നഗറിന് സമീപം വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് പവൻ നായർ എന്ന സമീർ (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ നീരജ് (അൻഷു), ഇയാളുടെ സഹോദരൻ റിഷു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച രാത്രി ലോവർ രൂപ് നഗറിലെ വഴിയോരത്തുവെച്ച് നീരജും സഹോദരൻ റിഷുവും സുഹൃത്തുക്കളും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ പവൻ നായർ നീരജിന്റെ മുഖത്ത് കേക്ക് തേച്ചു. ഇതിൽ പ്രകോപിതനായ നീരജ് പവനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും നീരജ് കടുത്ത ദേഷ്യത്തിലായിരുന്നു. തർക്കത്തിന് പിന്നാലെ നീരജ് കൈയിൽ കരുതിയിരുന്ന 'ഖുഖ്രി' എന്ന മൂർച്ചയുള്ള ആയുധമെടുത്ത് പവന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

ALSO READ: ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടു; ഭർത്താവിനെ വെട്ടിക്കൊന്ന് സഹോദരന്‍റെ സെല്‍ഫി! ...

കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ് രക്തം വാർന്നൊഴുകിയ പവനെ ഉടൻ തന്നെ സുഹൃത്തുക്കളായ ജോൺ സോത്ര, ഗൗരവ് സിങ്, സുഗന്ധ് ഭട്ടി എന്നിവർ ചേർന്ന് ജമ്മുവിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

സംഭവത്തിൽ കൊലപാതക കുറ്റത്തിന് കേസെടുത്ത ജാനിപൂർ പൊലീസ് നീരജിനെയും സഹോദരൻ റിഷുവിനെയും ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പവന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A birthday celebration in Jammu turned tragic when a 35-year-old man, Pawan Nair alias Sameer, was allegedly murdered by his friend over cake-smearing. The incident occurred near Lower Roop Nagar under Janipur police station limits. During the birthday party of Neeraj alias Anshu, Pawan smeared cake on Neeraj's face, triggering a heated argument. Enraged despite attempts by friends to calm them down, Neeraj attacked Pawan's neck with a sharp weapon ('Khokhri'). Though friends rushed Pawan to the Government Medical College Hospital (GMC), Jammu, he was declared brought dead. Janipur police registered a murder case and arrested Neeraj and his brother Rishu.