image credit:Maricopa County Sheriff's Office
അരിസോണയിലെ പിയോറിയയിൽ കാറിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം. സെപ്റ്റംബർ 13നായിരുന്നു സംഭവം. ബന്ധുവായ മറ്റൊരു കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് ഒന്നോടെ വീട്ടിൽ തിരിച്ചെത്തിയ കുടുംബം, ഏകദേശം മൂന്നുമണിക്കൂറിന് ശേഷമാണ് അഞ്ച് വയസുകാരനായ തിയോ സാബോയെ കാണാനില്ലെന്ന് ശ്രദ്ധിച്ചത്.
വീട്ടിലെ ചടങ്ങിന് അതിഥികളെ സ്വീകരിക്കുന്നത തിരക്കില്‍ കുട്ടി കാറിലാണെന്ന കാര്യം മാതാപിതാക്കള്‍ വിട്ടുപോയി. വൈകിട്ട് 3.45ഓടെ കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് അമ്മ അൻക സാബോയാണ് വീടിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ തിയോയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ കുട്ടിയെ വാഹനത്തിൽനിന്ന് പുറത്തെടുത്ത് സിപിആര്‍ നൽകി. പിന്നീട് അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് പിയോറിയയിൽ അതിശക്തമായ ചൂടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം താപനില 103 മുതൽ 106 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്തിയിരുന്നു. കുട്ടിയുടെ മരണം ചൂടുമായി ബന്ധപ്പെട്ടതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ കാറിൽനിന്ന് പുറത്തിറക്കേണ്ടത് ആരാണെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് സംഭവത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം.
പിതാവ് മിഹായിൽ സാബോ, 14 വയസുള്ള മൂത്തമകനോട് തിയോയെ കാറിൽനിന്ന് പുറത്തിറക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ തനിക്ക് അത്തരമൊരു നിർദേശം ലഭിച്ചതായി ഓർമയില്ലെന്നാണ് പതിനാലുവയസ്സുകാരന്‍റെ മൊഴി.
read more: പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈഗിംക അധിക്ഷേപം; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ ...
സംഭവത്തിൽ മിഹായിൽ സാബോയെയും ഭാര്യ അൻക സാബോയെയും നരഹത്യ(Negligent homicide), കുട്ടിയോടുള്ള പീഡനം / കുട്ടിയെ ദ്രോഹിക്കൽ(Child abuse) എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇരുവർക്കും 1.5 ലക്ഷം ഡോളർ വീതം പിഴയും ചുമത്തി. മറ്റ് കുട്ടികളെ മേൽനോട്ടത്തിലുള്ള സന്ദർശനത്തിലൂടെ മാത്രം കാണാൻ അനുമതിയുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.