ആൺകുട്ടികൾക്ക് ഇഷ്ടാനുസരണം തലമുടി വളർത്തുന്നതിന് അവകാശമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ താൽപര്യപ്രകാരം മുടി വളര്‍ത്തുവാനും പരിപാലിക്കാനും വസ്ത്രധാരണരീതി തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
വിദ്യാർഥികളുടെ പഠനത്തെയും വ്യക്തിത്വവികസനത്തെയും മുൻനിർത്തിയാകണം സ്കൂളുകളുടെ ഇടപെടലുകളെന്നും, പുറംമോടിക്ക് അമിത പ്രാധാന്യം നൽകരുതെന്നും കമ്മീഷൻ നിർദേശിച്ചു. മുടിയുടെ നീളം മാത്രം ചൂണ്ടിക്കാട്ടി വിദ്യാർഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസിൽനിന്ന് മാറ്റിനിർത്തുകയോ വിവേചനം കാണിക്കുകയോ ശിക്ഷാനടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, മുടി വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കേണ്ടത് വിദ്യാർഥികളുടെ ഉത്തരവാദിത്തമാണ്. മുടി കണ്ണുകളോ മുഖമോ മറയ്ക്കാത്ത രീതിയിൽ പരിപാലിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
Read more: ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല ...
ലബോറട്ടറി പ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ, കായിക മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകണം. ഇതിനായി നീളമുള്ള മുടി നിർബന്ധമായും കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ വേണം. മുടിയുടെ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും ഹെയർ കളറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
മുടിയുടെ നീളം സംബന്ധിച്ച വിഷയത്തിൽ വിദ്യാർഥികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. മുടിയുടെ പേരിൽ ക്ലാസിൽനിന്ന് പുറത്താക്കുന്നതും വിവേചനം കാണിക്കുന്നതും ശിക്ഷിക്കുന്നതും അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.
രണ്ട് പരാതികൾ പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിലൊന്ന് ഒരു സ്കൂൾ പ്രധാനാധ്യാപകൻ നൽകിയ പരാതിയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ വിദ്യാർഥികളുടെ വ്യക്തിത്വവും അവകാശങ്ങളും മാനിച്ചുകൊണ്ടുള്ള സമീപനം വേണമെന്ന് കമ്മീഷൻ വ്യക്തമാക്കിയത്.
വിദ്യാർഥികളുടെ മുടി, വസ്ത്രധാരണം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ സ്കൂളുകൾ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ അടിയന്തരമായി പുറത്തിറക്കണമെന്ന് കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ അക്കാദമിക പുരോഗതിക്കും വ്യക്തിത്വവികസനത്തിനും മുൻഗണന നൽകുന്നതിനൊപ്പം, ആവശ്യമായിടത്ത് ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലായിരിക്കണം സ്കൂൾ ചട്ടങ്ങൾ രൂപപ്പെടുത്തേണ്ടതെന്നാണ് കമ്മീഷന്റെ നിർദേശം.