ആന്റോ അഗസ്റ്റിന്‍

ആന്റോ അഗസ്റ്റിന്‍

  • അനധികൃത മദ്യശേഖരണക്കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചില്ല.

വീട്ടില്‍ നിന്ന്  മദ്യംപിടികൂടിയ കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചില്ല. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും. ആ‍ന്‍റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. അറസ്റ്റ് നടപടികളില്‍ വീഴ്ചയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി നടപടി. കേസിന്‍റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചു.  Also Read: വീട് ഡൽഹി സ്വദേശിയുടേതെന്ന് വാദിച്ചു; നികുതി അടച്ചത് ആന്റോ; ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുത്തു

കൊച്ചിയില്‍  നിന്നും കല്‍പറ്റയില്‍ നിന്നുള്ള അഭിഭാഷകരുടെ സംഘമാണ് ആന്‍റോയ്ക്ക് വേണ്ടി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്. അറസ്റ്റിനു തൊട്ടുപിറകെ കോടതിയിൽ ഹാജരാക്കിയപ്പോൾ  തന്നെ പതിവില്ലാത്ത രീതിയിൽ ജാമ്യാപേക്ഷ കൂടി അവര്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മജിസ്ട്രേറ്റ് അഥീന ബൈജു വാദങ്ങൾ ഉയർത്താൻ അനുമതി നൽകി. 

അളവിൽ കൂടുതൽ വിദേശം മദ്യം പിടികൂടിയ കെട്ടിടവും  ആന്‍റോ ആഗസ്റ്റിനും തമ്മിൽ ബന്ധമില്ല എന്നായിരുന്നു പ്രതിയുടെ വാദം. 2020ല്‍ കോടതി നടപടികളുടെ ഭാഗമായി കെട്ടിടം ഡൽഹി സ്വദേശിയുടെ പേരിലേക്ക്  മാറ്റിയിട്ടുണ്ടെന്നും വാദം ഉന്നയിച്ചു. പിടിച്ചെടുത്ത മദ്യവുമായി ആന്‍റോ അഗസ്റ്റിനുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് പ്രോസിക്യൂഷന‍് വാദിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

2025ൽ ഈ കെട്ടിടത്തിന് ആന്റോ നികുതി അടച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. തുടർന്നായിരുന്നു 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചത്. ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയും ചെയ്തു. ഇന്ന് കോടതി ചേര്‍ന്നയുടന്‍  ജാമ്യാപേക്ഷ തള്ളിയതായി  ജഡ്ജി അറിയിച്ചു.

തൊട്ടു പിറകെ ആന്‍റോയെ കസ്റ്റഡിയില്‍ വാങ്ങാന്‍  അന്വേഷണ സംഘം നടപടി തുടങ്ങി. ഇതിന്‍റെ അടിസ്ഥാനത്തിൽ നാളെ ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വറന്റും പുറപ്പെടുപ്പിച്ചു.  

ENGLISH SUMMARY:

Anto Augustin, Managing Director of Reporter Broadcasting Company, will remain in jail in connection with the illegal liquor stockpiling case. The Kerala High Court has denied interim bail to Anto Augustin. Detailed arguments on the bail petition will be heard on Tuesday. The Bathery Magistrate Court had earlier rejected Anto’s bail plea. The court observed that there were no lapses in the arrest proceedings. The decision also took into account the accused’s criminal background. The court accepted the prosecution’s argument that granting bail at the preliminary stage of the case could affect the investigation.