കൊല്ലം അഞ്ചലില്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഒളിവില്‍പ്പോയ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. ഏഴാം ക്ളാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥി കൂടി പരാതിപ്പെട്ടതോടെ ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പുസ്തകം വായിച്ചപ്പോള്‍ ചില തെറ്റുകള്‍ വരുത്തിയതിനാണ് വിദ്യാര്‍ഥികളെ അധ്യാപകന്‍ സൂഫിയാന്‍ ക്രൂരമായി തല്ലിയത്. അഞ്ചല്‍ കരുകോണ്‍ സ്കൂളിന് സമീപമുള്ള ഫോക്കസ് ട്യൂട്ടോറിയലിലെ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളാണ് സൂഫിയാനെതിരെ ആദ്യം പരാതി നല്‍കിയത്. കരുകോണ്‍ സ്വദേശികളായ റിയാസ്–റെജീന ദമ്പതികളുടെ ഏഴാംക്ളാസില്‍ പഠിക്കുന്ന മകള്‍ക്കാണ് പരുക്കേറ്റത്.
വിദ്യാര്‍ഥിനിയുടെ അതേ ക്ളാസിലെ മറ്റൊരു കുട്ടിയും അധ്യാപകനെതിരെ പരാതിയുമായെത്തി. ക്രൂരമായ മര്‍ദ്ദനത്തിനാണ് കുട്ടി ഇരയായിരിക്കുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മുട്ടുകാലിന് താഴെ ചൂരലു കൊണ്ട് അടിയേറ്റതിന്റെ നിരവധി പാടുകളുണ്ട്. അതേസമയം, അധ്യാപകനായ സൂഫിയാന്‍ ഒളിവില്‍ ആണ്.