സി.പി.എം കൊല്ലം ജില്ലാ വിശാലകമ്മിറ്റി യോഗത്തിന്റെ അവസാന ദിനത്തിലും പിണറായിക്കെതിരെ പ്രതിനിധികൾ. പാർട്ടി വ്യക്തി-കേന്ദ്രീകൃതമായെന്നും പിണറായി മാത്രമല്ല പാർട്ടിയെന്നും നേതാക്കൾ ഓർക്കണമെന്നും വിമര്ശനം. സജി ചെറിയാനും ജില്ലാ സെക്രട്ടറി എസ്.സുദേവനും എതിരെ വിമർശനമുണ്ടായി.
Also Read: കോഴിക്കോട് നിന്നും കാണാതായ അനുമോളെ കണ്ടെത്തി; അബ്ദുല് സമദ് കസ്റ്റഡിയില്
കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആദ്യദിനം മുതല് തന്നെ പിണറായിക്കെതിരെ കടുത്ത വിമര്ശനമാണ് ഉയര്ന്നിരുന്നത്. അവസാനദിനമായ ഇന്നലെയും സമാനമായിരുന്നു കാര്യങ്ങള്.
ഉച്ചവരെ നടന്ന ചര്ച്ചയില് പ്രതിനിധികളുെട ഭാഗത്തുനിന്നും പിണറായിക്കെതിരെ വ്യാപകമായ വിമര്ശനം ഉയര്ന്നു. പാര്ട്ടി ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടെന്നും ഇതൊന്നും നിയന്ത്രിക്കാന് പാര്ട്ടി സെക്രട്ടറിക്ക് സാധിച്ചില്ലെന്നും പ്രതിനിധികള് പറഞ്ഞു.
എക്സാലോജിക് കേസില് പിണറായി വിജയനേയും മകളേയും മരുമകനേയും സംരക്ഷിക്കേണ്ട ബാധ്യത പാര്ട്ടിക്കില്ലെന്നും കേസ് അതിന്റെ വഴിക്ക് പോവാന് അനുവദിക്കണമെന്നും പ്രതിനിധികള് പറഞ്ഞു. വീണാ വിജയന്റെ പ്രവൃത്തികള് പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കി. സജി ചെറിയാന്റെ പ്രസ്താവനകള് തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിച്ചു. പ്രസ്താവനകളും ചര്ച്ചകളും തിരഞ്ഞെടുപ്പ് തോല്വിക്കു കാരണമായെന്നും പ്രതിനിധികള് ചൂണ്ടിക്കാണിച്ചു.
ജില്ല സെക്രട്ടറിക്ക് കത്തെഴുതി കൈ കുഴഞ്ഞ അവസ്ഥയാണെന്നും അതേസമയം കത്തെഴുതാതെ കാര്യം സാധിക്കുന്നവര് ഉണ്ടെന്നും പ്രതിനിധികള് വിമര്ശിച്ചു. ഇന്നലെ വൈകിട്ടോടെ വിശാല ജില്ലാകമ്മിറ്റി സമാപിച്ചു.