bengaluru-kidnap-car

TOPICS COVERED

കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് പ്രണയവിവാഹിതയായ കഴിച്ച 21കാരിയായ യുവതിയെ വാടകവീട്ടിൽ കയറി തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ അയച്ച സംഘത്തിന്റെ ശ്രമം. ബെംഗളൂരു അഗ്രഹാര ദസറഹള്ളിയിൽ ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിനിയായ പൂജയെയാണ് കാറിലെത്തിയ നാലംഗ സംഘം ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പൂജയുടെ നിലവിളി കേട്ട് തടയാൻ ശ്രമിച്ച നാട്ടുകാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ച് അമിതവേഗതയിൽ പാഞ്ഞ കാറിടിച്ച് രണ്ടു കുട്ടികളടക്കം ആറുപേർക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ പിന്തുടർന്ന് ഹോസഹള്ളിക്ക് സമീപത്തുവെച്ച് തടയുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ കാറിന് നേരെ കല്ലുകളെറിഞ്ഞു.  

എട്ടു മാസം മുൻപാണ് രാജസ്ഥാൻ സ്വദേശിയായ ഓം പ്രകാശും (23) പൂജയും കുടുംബങ്ങളുടെ എതിർപ്പ് മറികടന്ന് വിവാഹിതരായത്. തുടർന്ന് ബെംഗളൂരുവിലെ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പൂജയുടെ വീട്ടുകാർ അയച്ച നാലംഗ സംഘം വീട്ടിലെത്തി പൂജയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വാഹനത്തിന് മുന്നിൽ തടസം സൃഷ്ടിച്ചവരെ ഇടിച്ചുതെറിപ്പിച്ച് വിജയനഗർ, ഹോസഹള്ളി ഭാഗത്തേക്ക് പാഞ്ഞ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു. പരുക്കേറ്റ പൃഥ്വിരാജ് (12), യഷിക (9), അമുൽ (35), മണി (64), ജയലക്ഷ്മി (57), സന്തോഷ് (33) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയലക്ഷ്മി നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരൺ (25), അയാൻ (18) എന്നിവരെ വിജയ് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച സദ്ദാം എന്നയാൾ ഓടി രക്ഷപ്പെട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച RJ 22 CC 9691 റജിസ്ട്രേഷൻ നമ്പറിലുള്ള കാർ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ സഹായത്തോടെ പൂജയെ സുരക്ഷിതമായി രക്ഷപ്പെടുത്തി പൊലീസിന് കൈമാറിയിട്ടുണ്ട്. സദ്ദാമിനായി അന്വേഷണം ഊർജ്ജിതമാക്കിയതായും പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, വധശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിജയ് നഗർ പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A four-member gang dispatched by her family attempted to kidnap a 21-year-old woman named Pooja from her rented house in Bengaluru's Agrahara Dasarahalli. The woman had married her partner, Om Prakash, eight months ago against her family's wishes, prompting her relatives to hire the abductors. While fleeing at high speed, the gang's car rammed into several pedestrians and vehicles who tried to intervene, injuring six people, including two children. Local residents successfully chased down the vehicle near Hosahalli, rescued the woman safely, and handed over three suspects to the Vijay Nagar police.