വാഹനം ഓവർടേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹപാഠിയായ കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രശസ്ത കന്നഡ നടൻ ദുനിയാ വിജയ്‌യുടെ മകൻ സാമ്രാട്ട് വിജയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്. ബെംഗളൂരു കെംഗേരി പൊലീസാണ് സാമ്രാട്ടിനെ ഒന്നാം പ്രതിയാക്കി ആറോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൈസൂരു റോഡിലെ ആർ.വി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ മനീഷ് ഗൗഡ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകുന്നേരം രാജരാജേശ്വരി നഗറിന് സമീപത്തുവെച്ച് മനീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ സാമ്രാട്ടും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തെ ഓവർടേക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റവുമുണ്ടായിരുന്നു.
തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആർ.വി യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്ത് ബൈക്ക് പാർക്ക് ചെയ്യുകയായിരുന്ന മനീഷിനെ സാമ്രാട്ടും സംഘവും കാറിലെത്തി ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓടുന്ന കാറിനുള്ളിൽ വെച്ച് മനീഷിനെ ക്രൂരമായി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ മനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം മനീഷ് തന്നെയാണ് കെംഗേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.