Image Credit: X/ hatedetector
ഭാര്യ മൊബൈൽ ഫോണിൽ നിരന്തരം സമയം ചെലവഴിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഓട്ടോ ഡ്രൈവറായ എം. രാഗവേന്ദ്ര, ഭാര്യ ശ്രുതി എന്നിവരാണ് മരിച്ചത്. ശ്രുതിയെ ബിയര്‍ കുപ്പി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം രാഗവേന്ദ്ര ജീവനൊടുക്കുകയായിരുന്നു. ബെംഗളൂരു എച്ച്എഎല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിഭിതിപുരയില്‍ ചൊവ്വാഴ്ച രാത്രി ദാരുണമായ സംഭവം നടന്നത്.
Also Read: ‘സീല്‍’ ചെയ്ത ആശുപത്രിയില്‍ പുറകുവശത്തുകൂടി ഗര്‍ഭിണിയെ പ്രവേശിപ്പിച്ചു, പ്രസവം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
മദ്യപിച്ചെത്തിയ രാഘവേന്ദ്ര, ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന ശ്രുതിയുമായി വഴക്കുണ്ടായി. രാഘവേന്ദ്ര മദ്യകുപ്പി ഉപയോഗിച്ച് ശ്രുതിയുടെ തലയ്ക്കിടിക്കുകയും പൊട്ടിയ കുപ്പി ഉപയോഗിച്ച് കഴുത്തില്‍ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഭാര്യയുടെ സാരിയിലാണ് ഇയാള്‍ ജീവനൊടുക്കിയത്. വിളിച്ചിട്ട് പ്രതികരിക്കാതിരുന്നതിന് ശേഷം അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ രാഘവേന്ദ്രയും വീട്ടുജോലി ചെയ്തിരുന്ന ശ്രുതിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രാഘവേന്ദ്രയും ഭാര്യയും വഴക്കുണ്ടാവുക പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ശ്രുതി അധിക നേരം ഫോണില്‍ ചെലവഴിക്കുന്നതിനെ ചൊല്ലിയും ചാറ്റിങ്ങിനെ ചൊല്ലിയുമായിരുന്നു തര്‍ക്കം. ഭാര്യ ഭക്ഷണമുണ്ടാക്കാതെ എപ്പോഴും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയാണെന്ന് രാഘവേന്ദ്ര നിരന്തരം പരാതിപ്പെട്ടിരുന്നു. ഇയാളുടെ അമിത മദ്യപാനത്തെ ചൊല്ലി ശ്രുതിയും ചോദ്യംചെയ്തിരുന്നു.
സംഭവം നടക്കുമ്പോൾ ദമ്പതികളുടെ രണ്ട് മക്കളും ദാവൻഗരെയുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് രാഘവേന്ദ്രയുടെ മാതാപിതാക്കൾ താമസിക്കുന്നത്. സംഭവത്തിൽ എച്ച്എഎൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.