hospital-woman-death

AI Enhanced Image

  • 2025ല്‍ സീല്‍ ചെയ്ത് പൂട്ടിയ ആശുപത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു. ഗര്‍ഭിണിയെ പ്രവേശിപ്പിച്ചത് ആശ പ്രവര്‍ത്തകയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്

ആരോഗ്യവകുപ്പും സര്‍ക്കാറും ചേര്‍ന്ന് ഒരു തവണ സീല്‍ ചെയ്ത് പൂട്ടിയ ആശുപത്രിയില്‍ നടത്തിയ പ്രസവത്തെത്തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ചു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിൽ പ്രവർത്തിക്കുന്ന ഇന്ദ്രജീത് ആശുപത്രിയിലാണ് സംഭവം. ആശുപത്രി മുന്‍പ് സീല്‍ ചെയ്തതിനെത്തുടര്‍ന്ന് പ്രധാന കവാടം പൂട്ടിയിട്ട നിലയിലായിരുന്നുവെങ്കിലും പുറകുവശത്തെ കവാടത്തിലൂടെ രോഗികളെ പ്രവേശിപ്പിക്കുകയും നിയമവിരുദ്ധമായി ആശുപത്രി പ്രവര്‍ത്തിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ കണ്ടെത്തി. 

Also Read: വസ്ത്രം വലിച്ച് കീറി; ദേഹമാസകലം കടിച്ചു; 23കാരിയെയും പ്രതിശ്രുത വരനെയും ആക്രമിച്ചു 

ബല്ലിയ ജില്ലയിലെ തർഗൗലി സ്വദേശിയായ അജിത് രാജ്ഭറിന്റെ ഭാര്യ സരിതയാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. സെപ്റ്റംബർ 8നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഒരു ആശാ പ്രവർത്തകയുടെ നിർദേശപ്രകാരമാണ് സരിതയെ ഇന്ദ്രജീത് ആശുപത്രിയിലെത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ന്ന് സരിതയുടെ നില ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ ഹിമാൻഷു യാദവ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Also Read: ടിഷ്യൂ പേപ്പറിൽ ‘ബോംബ്’: ദമാമിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചു. തുടർന്ന് സരിതയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടായെങ്കിലും ആശുപത്രി അധികൃതർ തുടർചികിത്സ നിഷേധിച്ചതായി അജിത് രാജ്ഭർ ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. പിന്നാലെ സരിതയെ മൗവിലേയും പിന്നീട് വാരണാസിയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

നേരത്തേ 2025ലാണ് അന്നത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് ഇന്ദ്രജീത് ആശുപത്രി ആരോഗ്യവകുപ്പ് സീൽ ചെയ്തതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പങ്കജ് റായ് പറയുന്നു. മുന്‍വശത്തെ ഗേറ്റിലെ സീല്‍ മാറ്റാതെ കെട്ടിടത്തിന്റെ പുറകുവശത്ത് പ്രത്യേക വഴിയുണ്ടാക്കിയാണ് രോഗികളെ പ്രവേശിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയും കുഞ്ഞും മരിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ആശുപത്രി പൂര്‍ണമായി വീണ്ടും സീൽ ചെയ്തു.

സംഭവത്തില്‍ ആശുപത്രി ഉടമയ്ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സീല്‍ ചെയ്ത് പൂട്ടിയ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.  

Sealed UP Hospital Operates Illegally via Backdoor: Mother and Newborn Die:

A pregnant woman and her newborn baby tragically died following delivery at Indrajeet Hospital in Mau, Uttar Pradesh, which had been officially sealed by the health department. Despite the main entrance being locked after a prior shutdown in 2025, the facility illegally admitted patients through a hidden rear entrance based on an ASHA worker's recommendation. Following the delivery, the infant passed away, and the mother suffered severe hemorrhaging before succumbing to her condition after delayed treatment transfers to Mau and Varanasi. Authorities have since fully resealed the illegal facility and launched an official investigation alongside registering an FIR against the hospital owners and management