കഴിഞ്ഞ ജൂൺ 7-നാണ് ബത്തേരി ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് 13,800 പാക്കറ്റുകളടങ്ങിയ 7 വലിയ ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടിയത്. കോടതി നിർദ്ദേശപ്രകാരം ഇത് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ അതീവ സുരക്ഷയോടെ സൂക്ഷിച്ചു. എന്നാൽ കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കാൻ തുറന്നപ്പോഴാണ് ആ ഞെട്ടിക്കുന്ന യാഥാർത്ഥ്യം ഉദ്യോഗസ്ഥർ അറിയുന്നത്—ഏഴ് ചാക്കും അപ്രത്യക്ഷം!
മുറിയുടെ പൂട്ട് തകർക്കപ്പെട്ടിട്ടില്ലാത്തതിനാൽ കള്ളൻ അകത്തുതന്നെയുണ്ടെന്ന് ഉറപ്പായി. അന്വേഷണം ചെന്നെത്തിയത് അസിസ്റ്റന്റ് റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോലിലാണ്. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സബിത്ത് തന്ത്രപരമായി താക്കോൽ കൈക്കലാക്കി ജൂൺ 26-നും സെപ്റ്റംബർ 10-നും ഇടയിലുള്ള ദിവസങ്ങളിൽ ഓപ്പറേഷൻ പൂർത്തിയാക്കുകയായിരുന്നു.
സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ചാക്കുകൾ ഓരോന്നായി കയറ്റി കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ സംശയത്തിന്റെ മുന മുഴുവൻ സബിത്തിലേക്കായി. കാക്കിക്ക് ചേരാത്ത പല ഇടപാടുകളിലും നേരത്തെയും പേരുദോഷം കേൾപ്പിച്ച സബിത്തിന് വല മുറുകുന്നുവെന്ന് വ്യക്തമായതോടെ, സെപ്റ്റംബർ 12 മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങി.
പ്രതി ജില്ല വിട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വയനാട് പൊലീസ് ഇപ്പോൾ ഊർജ്ജിതമായ തിരച്ചിലിലാണ്. സംഭവത്തിൽ ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബിത്തിനെ ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹർ സസ്പെൻഡ് ചെയ്തു.
അതീവ സുരക്ഷയുള്ള സ്റ്റേഷൻ പരിസരത്തുനിന്ന് ഏഴ് വലിയ ചാക്കുകൾ തനിച്ച് കടത്താൻ സാധിക്കുമോ? സ്റ്റേഷനിലെ മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ? വാഹനം ഓടിച്ചത് ആരാണ്, തൊണ്ടിമുതൽ ആർക്കാണ് വിറ്റത്? എന്നിവയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന ചോദ്യങ്ങൾ.