തായ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് മ്യാൻമറിലെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് വിൽക്കപ്പെട്ട വയനാട് സ്വദേശിയായ യുവാവ് മ്യാൻമർ പൊലീസിന്റെ കസ്റ്റഡിയിൽ. ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിൻ്റെയും സായുധ സംഘങ്ങളുടെ ഭീഷണികളെയും കുറിച്ച് യുവാവ് സ്വന്തം കൈപ്പടയിൽ എഴുതി അയച്ച കത്ത് പുറത്തുവന്നു. തടവിലായ മുഹമ്മദ് ഷിനാസ് ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് കുടുംബം.
കഴിഞ്ഞ ജൂലൈ 31-നാണ് വയനാട് സ്വദേശിയായ മുഹമ്മദ് ഷിനാസ് വീട്ടിലേക്ക് അവസാനമായി വിളിക്കുന്നത്. പിന്നീട് കുടുംബത്തെ തേടിയെത്തിയത് ഉള്ളുലയ്ക്കുന്ന ഏതാനും വോയ്‌സ് മെസ്സേജുകൾ മാത്രം. ഫോൺ സ്വിച്ച് ഓഫായതോടെ എന്തു സംഭവിച്ചെന്നറിയാതെ വിങ്ങിപ്പൊട്ടിയ കുടുംബത്തിന് ഒടുവിൽ ലഭിച്ചത്, കസ്റ്റഡിയിലുള്ള ഷിനാസ് സ്വന്തം കൈപ്പടയിൽ എഴുതി ഇവരോടൊപ്പം അകപ്പെട്ട മറ്റൊരു ആഫ്രിക്കക്കാരൻ വഴി വാട്സാപ്പിലുടെ കിട്ടിയ ഈ കത്താണ്. മനുഷ്യക്കടത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് അതിലുള്ളത്.
തായ്‌ലൻഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഏജന്റ്, ഷിനാസിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും മ്യാൻമറിലെ മ്യാവാഡിയിലുള്ള സൈബർ സ്കാമിങ് മാഫിയയ്ക്ക് വിൽക്കുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ വിസമ്മതിച്ചപ്പോൾ 60,000 തായ് ബാത്ത് അടപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയ ഇവരെ തോക്കുധാരികളായ സായുധ സംഘം തട്ടിക്കൊണ്ടുപോയി.
5,000 ഡോളർ മോചനദ്രവ്യം നൽകിയില്ലെങ്കിൽ മറ്റ് തട്ടിപ്പ് സംഘങ്ങൾക്ക് വീണ്ടും വിൽക്കുമെന്നായിരുന്നു സായുധരുടെ ഭീഷണി. ഇതിനിടെ ഇവരുടെ താവളത്തിൽ സൈന്യം നടത്തിയ റെയ്ഡിൽ തട്ടിപ്പുകാർക്കൊപ്പം ഷിനാസും പിടിയിലായി. എട്ട് ദിവസത്തെ സൈനിക തടവിന് ശേഷം നിലവിൽ പോലീസ് കസ്റ്റഡിയിലാണ് ഷിനാസ് ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ ഉള്ളത് . ഇവരുടെ പാസ്‌പോർട്ടും ലഗേജും ഫോണും നഷ്ടപ്പെട്ടു. മ്യാൻമറിലെ ഇന്ത്യൻ എംബസി വഴി അടിയന്തര രക്ഷാപ്രവർത്തനം ഏകോപിപ്പിക്കണമെന്നും, മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നുമാണ് കുടുംബത്തിന്റെ അപേക്ഷ.