Image: x.com/sirajnoorani
സ്വന്തം ജന്മദിനത്തിൽ 22-കാരിയായ പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ 23-കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് നടുക്കുന്ന സംഭവം. ഗുരുഗ്രാമിലെ പ്രമുഖ ക്വിക്ക് കൊമേഴ്‌സ് ഡെലിവറി ആപ്പ് കമ്പനിയിൽ ജീവനക്കാരിയായ യുവതി രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങവേ, തടഞ്ഞുനിർത്തിയ പ്രതി ഹോട്ടലിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഓഗസ്റ്റ് 26-ന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് പ്രതി യുവതിയെ തടഞ്ഞുനിർത്തുകയും ഫിറോസാബാദിലെ ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തത്. ഹോട്ടൽ മുറിയിലെത്തിച്ച ശേഷം പ്രതി ലൈംഗിക ഉത്തേജക ഗുളികകൾ കഴിക്കുകയും യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഓഗസ്റ്റ് 27-ന് പുലർച്ചെ വീണ്ടും ബലാല്‍സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ യുവതി ശക്തമായി എതിർത്തു. ഇതോടെ പ്രതി യുവതിയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഓഗസ്റ്റ് 27-ന് പിതാവ് ശിഖോഹാബാദ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ തലയ്ക്കേറ്റ പരുക്കുകളും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുവതിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക ഗുളികകളും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കൊലപാതകത്തിന് കൂട്ടുനിന്ന രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരവും എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്ലസ് ടു വരെ ഒന്നിച്ചു പഠിച്ചവരായിരുന്നു കൊല്ലപ്പെട്ട യുവതിയും പ്രതിയും. ബിഎസ്‌സിയും നഴ്‌സിങ് കോഴ്‌സും പൂർത്തിയാക്കിയ ശേഷമാണ് യുവതി ഗുരുഗ്രാമിൽ ജോലിയിൽ പ്രവേശിച്ചത്.