Image: instagram.com/manjeet__sukh_1313

Image: instagram.com/manjeet__sukh_1313

പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ മഞ്ജീത് കൗറിന്റെ (28) കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല ചെയ്യപ്പെടുമ്പോൾ മഞ്ജീത് കൗർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. 54 ദിവസത്തോളം ആശുപത്രിയിൽ ജീവനോട് പോരാടിയ ശേഷമാണ് മഞ്ജീത് മരണത്തിന് കീഴടങ്ങിയത്.

ജൂലൈ 3ന് രാത്രിയാണ് മഞ്ജീത് കൗറിനെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിനിരയാക്കിയത്. മഞ്ജീതിന്‍റെ പരിചയക്കാരായ ഷുഭി, പിന്ദ എന്നിവർ ചേർന്ന് മഞ്ജീതിനെ ചണ്ഡീഗഡിലെ സെക്ടർ 34-ലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് അവരെ മർദ്ദിച്ച ശേഷം വാഹനത്തിൽ കയറ്റി മൊരിൻഡയിലെ വനപ്രദേശത്തെത്തിച്ചു. തുടർന്ന് മരത്തിൽ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നാലെ പ്രതികൾ കടന്നുകളയുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ മഞ്ജീതിന്‍റെ മറ്റൊരു പരിചയക്കാരനാണ് പുതപ്പ് ഉപയോഗിച്ച് തീ അണച്ച് മൻജീതിനെ രക്ഷിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മഞ്ജീതിനെ ആദ്യം മൊരിൻഡയിലെ ആശുപത്രിയിലും പിന്നീട് മൊഹാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് ചണ്ഡീഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഓഗസ്റ്റ് 26-ന് ചികിത്സയിലിരിക്കെ മഞ്ജീത് കൗർ മരണപ്പെടുകയായിരുന്നു.

കേസന്വേഷണത്തിൽ ഖരാർ സദർ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ വെച്ച് ബോധം തെളിഞ്ഞ മഞ്ജീത് മൊഴി നൽകാൻ തയ്യാറായിരുന്നു. ആശുപത്രിയില്‍ നിന്നും പൊലീസിന് ഈ വിവരം കൈമാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴിയെടുക്കാൻ എത്തിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓഗസ്റ്റ് 5-നാണ് മഞ്ജീത് തനിക്ക് നേരിട്ട ദുരാനുഭവം കുടുംബത്തോട് വിവരിച്ചത്.

മഞ്ജീതിന്‍റെ മരണശേഷം ആഗസ്റ്റ് 27നാണ് ചണ്ഡീഗഡ് സെക്ടർ 34 പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നിലവിൽ പ്രതികളായ ഷുഭിയെയും പിന്ദയെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവാഹമോചിതയായ മഞ്ജീതിന് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്. ഫാഷൻ, ലൈഫ് സ്റ്റൈൽ വിഡിയോകൾ പങ്കുവെച്ച് ശ്രദ്ധേയയായ മഞ്ജീതിനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

ENGLISH SUMMARY:

Post-mortem reports have revealed that popular 28-year-old Punjabi social media influencer Manjeet Kaur was seven weeks pregnant when she was brutally attacked and set on fire. She was abducted on July 3 by acquaintances Shubhi and Pinda, who took her to a forest area in Morinda, tied her to a tree, and doused her in kerosene before fleeing. After battling for her life for 54 days in PGIMER hospital, Chandigarh, Manjeet succumbed to her burn injuries on August 26. The family has alleged severe police negligence, while Chandigarh Police registered a case of kidnapping and murder on August 27 and are currently hunting for the accused.