ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയേയും 15 വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ആക്രമണത്തിൽ ഇളയ മകൾക്ക് പരിക്കേറ്റു. സംഭവത്തിൽ 48കാരനായ മുഹമ്മദ് രാജ അൻസാരിയെ പൊലീസ് പിടികൂടി. അൻസാരിയോട് മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടതുമായി ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 

2022 മുതൽ വിഷാദരോഗിയായിരുന്നു പ്രതിയായ അൻസാരിയെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കുറച്ചുകാലമായി ഇയാൾ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് അൻസാരിയോട് ഭാര്യ മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി അൻസാരി അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ആക്രമിക്കുകയായിരുന്നു. അമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ മൂത്തമകളെയും ഇയാൾ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. പതിനാലു വയസുകാരിയായ ഇളയമകളെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. 

ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും തനിക്ക് ശേഷം കുടുംബത്തെ നോക്കാൻ ആളില്ലാതാകുമെന്ന് കരുതിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Ghaziabad murder involves a father who killed his wife and 15-year-old daughter in Uttar Pradesh due to a dispute over medication. The incident, which occurred on a Friday night, has deeply shocked the community and the police have arrested the 48-year-old suspect, Mohammad Raja Ansari, who was reportedly suffering from depression.