Image Credit : Twitter

പൂനെയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിനു നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തി എട്ടംഗ സംഘം. സിൻഹഗഢ്‌ കോട്ടയിൽ എത്തിയ ഒരു കുടുംബത്തിന് നേരെയാണ് ഹിന്ദു സംസ്കാരത്തിന്‍റെയും വസ്ത്രധാരണത്തിന്‍റെയും പേരില്‍ ആക്രമണം നേരിടേണ്ടി വന്നത്. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി ഷോര്‍ട്സും സ്ലീവ്​ലെസ് ടോപ്പും ധരിച്ചെന്നാരോപിച്ചായിരുന്നു എട്ടംഗ സംഘം അക്രമം അഴിച്ചുവിട്ടത്. അക്രമി സംഘം കുടുംബത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്‍റെയും പിന്നാലെ നടന്ന് അസഭ്യം പറയുന്നതിന്‍റെയും വിഡിയോ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

പൂനെ സിൻഹഗഢ്‌ കോട്ടയിലുളള തനാജി മാലുസാരെയുടെ സമാധിക്ക് സമീപത്ത് തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി എന്തിനാണ് ഷോര്‍ട്സ് ധരിച്ചിരിക്കുന്നത്, ഹിന്ദു സംസ്കാരം അറിയില്ലേ? എന്നു ചോദിച്ചാണ് എട്ടംഗ സംഘം കുടുംബത്തിന് പിന്നാലെ കൂടിയത്. സദാചാരവാദികളെ വകവെയ്ക്കാതെ കുടുംബം മുന്നോട്ട് പോയെങ്കിലും പിന്തിരിയാന്‍ ഇവര്‍ തയാറായിരുന്നില്ല. പിന്നാലെ പോയി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആ കുടുംബത്തിലെ ഗൃഹനാഥനായ 39കാരനെ മര്‍ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയെയും എട്ടംഗ സംഘം ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.

പൂനെയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന 39കാരൻ സമർപ്പിച്ച പരാതിയിൽ എട്ടംഗ സംഘം അവിടെയെത്തിയ മറ്റൊരു കുടുംബത്തെയും സമാനരീതിയില്‍ ആക്രമിച്ചിട്ടുണ്ട്. 39കാരന്‍റെ പരാതിയല്‍ എട്ട് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിയമവിരുദ്ധമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Pune moral policing incident saw an eight-member group attack a tourist family at Sinhagad Fort, allegedly over a woman's attire. This act of cultural policing has led to an FIR against the attackers.