(ഇടത് നിന്ന്) പ്രതി ശത്രുഘ്നന്‍ സാഹു, പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയ പൂജാ സാമഗ്രികള്‍, മരിച്ച സന്തോഷ് കര്‍സെല്‍

  • പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിഗ്രഹത്തില്‍ രക്തം കൊണ്ട് കുറിതൊട്ടതും കാണാം

ഒഡീഷ ബാല്‍ഗിറില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ ഒരു കൊലപാതകത്തിന്‍റെ റിപ്പോര്‍ട്ടാണ് രാജ്യത്തെ നടുക്കി വാര്‍ത്തകളില്‍ നിറയുന്നത്. പ്രതി യുവാവിന്‍റെ തലവെട്ടിയെടുത്ത് കിടപ്പറയില്‍ കുഴിച്ചിടുകയായിരുന്നു. 11 വര്‍ഷമായി പിരിഞ്ഞ് ജീവിക്കുന്ന ഭാര്യയെ തിരിച്ചുവരുത്താനായി ഇയാള്‍ നരബലി നടത്തിയതാണെന്നാണ് പൊലീസിന്‍റെ നിഗമനം. 

ആഗസ്റ്റ് 18നാണ് സന്തോഷ് കര്‍സെല്‍ എന്ന 45കാരനെ കാണാനില്ലെന്ന പരാതി പൊലീസ് റജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തിന് പിന്നാലെ ബാഗഡ ഗ്രാമത്തിലെ കുളത്തില്‍ നിന്ന് തലയില്ലാത്ത ഒരു മൃതശരീരം പൊലീസിന് ലഭിച്ചു. തല പരിസരത്തെങ്ങും അന്വേഷിച്ച് കണ്ടെത്താനായില്ല. തിരോധാനക്കേസുമായി ബന്ധപ്പെടുത്തി അന്വേഷണമാരംഭിച്ചപ്പോള്‍ ഇത് കര്‍സെലിന്‍റെ ശരീരം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

തുടരന്വേഷണത്തില്‍ കര്‍സെലിനെ അവസാനമായി കണ്ടത് പ്രദേശവാസിയായ ശത്രുഘ്നന്‍ സാഹു (40) എന്നയാളുടെ കൂടെയാണെന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. കര്‍സെലിന്‍റെ മൃതശരീരം കിടന്നിരുന്ന കുളത്തിന് വെറും 20 മീറ്റര്‍ ദൂരെയായിരുന്നു സാഹുവിന്‍റെ വീട്. തുടര്‍ന്ന് പൊലീസ് സാഹുവിനെ ചോദ്യം ചെയ്യാനാരംഭിച്ചു. ചോദ്യംചെയ്യലില്‍ താനാണ് കര്‍സെലിനെ കൊന്നതെന്ന് സാഹു സമ്മതിക്കുകയായിരുന്നു. തല തല കിടപ്പുമുറിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ തല പൊലീസ് കണ്ടെത്തി. 

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പതിനൊന്ന് വര്‍ഷമായി സാഹുവിന്‍റെ ഭാര്യ ഇയാളോട് വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. മക്കളും ഇയാളെ സമീപിച്ചിരുന്നില്ല. ഭാര്യയെ തിരിച്ചുവരുത്തുക എന്ന ലക്ഷ്യത്തിനായി സാഹു നരബലിയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കര്‍സെലിനെ 18–ാം തിയതി ബസ്സ്റ്റോപ്പില്‍ വച്ച് കണ്ടുമുട്ടുകയും വീട്ടിലേക്ക് ക്ഷണിക്കുകയും കഠാര കൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

ഫോറന്‍സിക് പരിശോധനയില്‍ സാഹുവിന്‍റെ വീട്ടില്‍ നിന്നും കര്‍സെലിന്‍റെ രക്തം പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിനായി ഉപയോഗിച്ച കഠാരയും കണ്ടെത്തി. മുന്‍കാലങ്ങളില്‍ നരബലി കേസുകളില്‍ സ്ഥിരമായി കാണപ്പെട്ടിരുന്ന പൂജാദ്രവ്യങ്ങള്‍ സാഹുവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണ് നരബലിയായിരിക്കാം ഇതെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഇതുകൂടാതെ വീട്ടില്‍ ചില വെങ്കല വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതില്‍ കണ്ടെത്തിയ രക്തപാടുകള്‍ സാഹു പൂജയ്ക്കായി ഉപയോഗിച്ചതാണെന്നും നിഗമനത്തിലെത്തിയിട്ടുണ്ട്. 

സാഹുവിന്‍റെ അറസ്റ്റിന് പിന്നാലെ കേസില്‍ ഇയാള്‍ക്ക് പങ്കാളിയായി ആരെങ്കിലുമുണ്ടായിരുന്നോ, കൂടുതല്‍ നരബലി നടന്നിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. 

ENGLISH SUMMARY:

Odisha murder case reports are surfacing, detailing a gruesome crime where a man was beheaded and buried in a bedroom. Police suspect this human sacrifice was performed to bring back the perpetrator's estranged wife after 11 years of separation.