മോഷണക്കുറ്റം ആരോപിച്ച് 12കാരനു നേരെ കണ്ണില്ലാത്ത ക്രൂരത. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. ബന്ധുക്കള്‍ തന്നെയാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കേസില്‍ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് കാലതാമസം വരുത്തിയെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ കേസെടുത്തപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം. കുട്ടിയുടെ പിതൃ സഹോദരൻ, ഭാര്യ, മകൻ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരുടെ ബന്ധുവീടുകളിൽ അടക്കം പൊലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഇവരുടെ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫ് ആണ്. ആ മേഖല വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്തും കണ്ണിലും മുളകുപൊടി തേച്ചതായും, മുറിവുകളിലും മുളകുപൊടി തേച്ചതായി കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. നഖത്തില്‍ ഈര്‍ക്കില്‍ കുത്തിക്കയറ്റിയതായും പരാതിയില്‍ പറയുന്നു. കൈകാലുകൾ കെട്ടിയിട്ട് ആയിരുന്നു പീഡനമെന്നും രക്ഷപ്പെട്ടത് അതിസാഹസികമായാണെന്നും കുട്ടിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.