കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബവും ആരോടും അടുപ്പത്തിലായിരുന്നില്ലെന്ന് അയൽവാസികൾ. രണ്ടു വർഷം മുൻപാണ് ഈ കുടുംബം കൊല്ലത്തു നിന്ന് കരുവാറ്റയിലെത്തിയത്. അന്ന് മുതൽ അയല്‍വാസികളെ അവർ മനഃപൂർവം ഒഴിവാക്കിയിരുന്നു. ആ വാർഡിൽ ഈ കുടുംബവുമായി മാത്രം പരിചയമില്ലെന്ന് പഞ്ചായത്തംഗവും പറഞ്ഞു.
മുത്തച്ഛൻ കൊല്ലപ്പെട്ട ശേഷവും കൊച്ചുമകൾക്ക് ഒരു ഭാവദേദവും ഇല്ലായിരുന്നെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകം നടന്നതിന്‍റെ പിറ്റേ ദിവസം കൊച്ചുമകൾ വീട്ടിലെത്തിയിരുന്നു. വീട്ടിലേക്ക് പോകുംവഴി സമീപത്തെ കടയിൽ കയറി പലഹാരം വാങ്ങിയിരുന്നു. രണ്ടു ചെറിയ കുട്ടികൾക്കൊപ്പം പെൺകുട്ടി കടയിലെത്തി രണ്ട് പാക്കറ്റ് പൊട്ടറ്റോ ചിപ്സ് വാങ്ങിയിരുന്നുവെന്ന് കടയുടമ പറഞ്ഞു. വീട്ടിൽ പോയി തിരിച്ചുവരും വഴിയും വീണ്ടും കടയിൽ കയറി രണ്ടു പാക്കറ്റ് ചിപ്സ് കൂടി വാങ്ങിച്ചതായും കടയുടമ ഓർക്കുന്നു.
പിറ്റേ ദിവസം മുത്തച്ഛൻ വീടു തുറക്കുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞെന്നും സഹായത്തിനായി സമീപത്തെ എസ്എൻഡിപി യോഗം ഭാരവാഹിയുടെ ഫോൺ നമ്പർ നൽകണമെന്നും പറഞ്ഞു പെൺകുട്ടിയുടെ മുത്തശ്ശി തന്നെ വിളിച്ചിരുന്നെന്നും കടയുടമ പറഞ്ഞു. മുത്തച്ഛൻ മദ്യപിച്ചു കിടക്കുന്നതിനാലാണ് വാതിൽ തുറക്കാത്തത് എന്നു കരുതിയെന്നാണ് അവൾ തന്നോട് പറഞ്ഞതെന്ന് കടയുടമയായ സ്ത്രീ പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ അവൾ സ്കൂൾ യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി. ഓണപ്പരീക്ഷയാണ് നിർബന്ധമായും പോകണം എന്നു പറഞ്ഞു. മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴാണോ സ്കൂളിൽ പോകുന്നതെന്നു താൻ ചോദിച്ചുവെന്നും അവർ പറഞ്ഞു.
രണ്ടു വർഷം മുൻപ് 10 സെന്റ് സ്ഥലം വാങ്ങിയാണ് കുടുംബം കരുവാറ്റയിലെത്തുന്നത്. ഇവർക്ക് സ്ഥലം വിറ്റ ഉടമയുടെ തന്നെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങി. 10 സെന്റ് ഭൂമിയിൽ രണ്ടു പെൺമക്കൾക്കായി വീടുകൾ നിർമിക്കുന്നുണ്ടായിരുന്നു. പണിക്കാർക്ക് വെള്ളം കൊടുക്കാനായി വരുമ്പോൾ മാത്രമാണ് ഇദ്ദേഹത്തെ കണ്ടിരുന്നതെന്ന് അയൽവാസി പറഞ്ഞു. രണ്ട് വർഷം മുൻപ് ഭാര്യയും മകളും ഭർത്താവും കൊച്ചുമകളുമാണ് വന്നത്. 6 മാസം മുൻപു വീടു പണി തുടങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട വ്യക്തി ഇവിടേയ്ക്ക് എത്തിയത്.