karuvatta-murder
  • ആദ്യം പദ്ധതിയിട്ടത് വീടിന്‍റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് ഗൃഹനാഥന്‍റെ തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനായിരുന്നു, വീടിന്റെ മേൽക്കൂരയിൽ കയറി ഓടുനീക്കിയപ്പോഴാണ് മച്ച് ഉള്ളതു മനസിലായത്

ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാൻ പതിമൂന്നുകാരിയും സംഘവും നടത്തിയത് ആസൂത്രിത നീക്കം. വീടിന്‍റെ ഓടു നീക്കി മുകളിൽ നിന്നും ഭാരമുള്ള കല്ല് ഗൃഹനാഥന്‍റെ തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതി. എന്നാൽ, ആ പദ്ധതി സാധ്യമാകാതെ വന്നപ്പോള്‍ നടപ്പാക്കിയത് പ്ലാന്‍ ബി. ആസൂത്രണത്തിൽ 13 കാരിയുടെ കാമുകനും പങ്കാളിയായി. വീടിനു പിൻഭാഗത്തൂകൂടി എത്തിയാൽ ആരും കാണില്ലെന്ന ബുദ്ധി പറഞ്ഞുകൊടുത്തതും പെണ്‍കുട്ടി. 

ആലപ്പുഴ ജില്ലയിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഏഴാം തരം വരെ കൊല്ലം ജില്ലയിലാണു പഠിച്ചിരുന്നത്. ആ സമയത്താണു കൊല്ലം പരവൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയുമായി അടുപ്പത്തിലാകുന്നത്. ബൈക്കും ഫോണും വാങ്ങാനായി വീട്ടിലെ പണം മോഷ്ടിക്കാൻ ഇവർ നേരത്തേ തീരുമാനിച്ചിരുന്നു. 14ന് മുത്തച്ഛന്‍ ശിവൻകുട്ടി തന്നോടു മോശമായി പെരുമാറിയെന്നും കൊന്നുകളയണമെന്നും പെൺകുട്ടി ആൺസുഹൃത്തിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു ഇരുവരും ചേർന്നു ഫോണിലൂടെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തത്.

വീടിന്‍റെ ലൊക്കേഷൻ പെൺകുട്ടി അയച്ചുനൽകി. 15ന് രാത്രി മാവേലി എക്സ്പ്രസിൽ ഹരിപ്പാടെത്തിയ പ്രതികൾ ബസിലും ഓട്ടോറിക്ഷയിലുമായി കരുവാറ്റയിലെ വീട്ടിലെത്തി. സുഹൃത്തിന്‍റെ വീട്ടിലായിരുന്ന പെൺകുട്ടി വിഡിയോ കോളിലൂടെ വഴി പറഞ്ഞുകൊടുത്തു. ആദ്യം പദ്ധതിയിട്ടത് വീടിന്‍റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനായിരുന്നു. വീടിന്റെ മേൽക്കൂരയിൽ കയറി ഓടുനീക്കിയപ്പോഴാണ് മച്ച് ഉള്ളതു മനസിലായത്. പിന്നീടാണ് ശുചിമുറിയിലൂടെ അകത്തുകയറാൻ തീരുമാനിച്ചതെന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിക്കു മൊബൈൽ ഫോണും ആൺസുഹൃത്തിനു ബൈക്കും വാങ്ങാനുള്ള പണത്തിനു വേണ്ടിയായിരുന്നു കവർച്ച.  ഗൃഹനാഥൻ പെൺകുട്ടിയോടു മോശമായി പെരുമാറിയതു കൊലയ്ക്കു പ്രകോപനമായെന്നും ഇവർ പൊലീസിനു മൊഴി നൽകി. ശിവന്‍കുട്ടിയുടെ കൈകാലുകള്‍ പിന്നിലേക്ക് ബന്ധിച്ചശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതക ദൃശ്യം വിഡിയോ കോളിലൂടെ സുഹൃത്തിന്‍റെ വീട്ടിലായിരുന്ന 13 കാരിയെ സുഹൃത്തുക്കള്‍ കാണിച്ചെന്നും പൊലീസ് പറയുന്നു. തെളിവു നശിക്കാൻ മുളകുപൊടി വിതറാനുള്ള ആശയം ലഭിച്ചത് ചില സിനിമകളിൽ നിന്നാണു പ്രതികൾ മൊഴി നൽകി. അതെ സമയം കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്ന് പൊലീസ് സ്ഥീരീകരിച്ചു.

ENGLISH SUMMARY:

Alappuzha murder plot details reveal a chilling conspiracy by a 13-year-old girl and her accomplice to kill her grandfather. The initial plan involved dropping a heavy stone from the roof, which was later changed to a more brutal method through the bathroom.