uber-goonda

തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കബളിപ്പിച്ച് ഊബർ ടാക്സി കാറുമായി പൊലീസ് തിരയുന്ന ഗുണ്ട കടന്നു കളഞ്ഞു. പുതുക്കുറിശ്ശി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ സുഹൈൽ കനിയാണ് വാഹനവുമായി രക്ഷപ്പെട്ടത്. കാറിലെ ജിപിഎസ് സംവിധാനം പിന്തുടർന്നു നടത്തിയ പരിശോധനയിൽ വലിയതുറ സ്റ്റേഷൻ പരിധിയിലെ ചെറിയതുറയിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ വാഹനം പൊലീസ് കണ്ടെത്തി.  

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സുഹൈൽ കനി ഊബർ കാർ ബുക്ക് ചെയ്യുന്നത്. പെരുമാതുറ ജങ്ഷനിൽ എത്തിയപ്പോൾ, സുഹൃത്തുക്കൾ വരാനുണ്ടെന്നും കാത്തുനിൽക്കണമെന്നും ഇയാൾ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവർ സമീപത്തെ ചായക്കടയിൽ കയറിയ സമയം നോക്കി ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു.  

കാർ നഷ്ടപ്പെട്ട വിവരം ഡ്രൈവർ ഉടനടി കഠിനംകുളം പൊലീസിൽ അറിയിച്ചു. തുടർന്ന് സിഗ്നലുകളും ജിപിഎസ് സംവിധാനവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസാണ് വാഹനം ചെറിയതുറയിൽ നിന്ന് കണ്ടെത്തിയത്.

ഏറെ നാളായി പൊലീസ് തിരയുന്ന കാപ്പ കേസ് പ്രതിയാണ് സുഹൈൽ കനി. നേരത്തെ നാടുകടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇന്നലെ രാത്രി രണ്ടു ഗുണ്ടകൾ ഉൾപ്പെടെ മൂന്നുപേരെ ഇയാൾ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

ENGLISH SUMMARY:

Uber taxi fraud occurred in Thiruvananthapuram where a criminal escaped with a taxi after tricking the driver. Police are actively searching for the accused, Suhail Kani, who is a repeat offender and involved in several criminal cases.