Image Credit: X
ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍ നിന്ന് ഗര്‍ഭിണിയായ പതിനെട്ട് തികയാത്ത മകളെ നദിയില്‍ മുക്കിക്കൊന്ന പിതാവ് അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി സ്വദേശി ലക്പത് സിങാണ് മകള്‍ ഖുശയെ കൊന്ന കുറ്റത്തിന് അറസ്റ്റിലായത്. കുടുംബത്തിന്‍റെ മാനം രക്ഷിക്കാനാണ് മകളെ കൊന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
എട്ടുവയസുള്ളപ്പോള്‍ അമ്മയെ നഷ്ടമായ ഖുശിക്ക് സുഹൃത്തുക്കളായിരുന്നു അഭയം. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൗമാരക്കാരനുമായി എട്ടുമാസം നീണ്ട സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഗര്‍ഭിണിയായി. നാലുമാസമായപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെ കാമുകനെ വിവരമറിയിച്ചു. ഇരുവീട്ടുകാരും സംസാരിച്ചുവെങ്കിലും സമൂഹത്തിലെ അപമാനം ഭയന്ന് ഗര്‍ഭഛിദ്രം നടത്താന്‍ ഖുശിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. ഗര്‍ഭഛിദ്രത്തിന് ഖുശിയെയും സമ്മതിപ്പിച്ചു.
ഗര്‍ഭഛിദ്രം നടത്തുന്നതിനായി ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞ് അച്ഛന്‍ ലോക്പാലും ബന്ധുവും ചേര്‍ന്ന് ഖുശിയെ ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധുവീട്ടില്‍ താമസിച്ച ഇവര്‍ പിറ്റേന്ന് രാവിലെ ചമ്പല്‍ നദിയിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഖുശിയെ കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് ഖുശിയോട് നദിയിലേക്ക് ചാടാന്‍ ആവശ്യപ്പെട്ടു. എവിടെയങ്കിലും പോയി ജീവിച്ചോളാമെന്നും കൊല്ലരുതെന്നും ഖുശി കെഞ്ചിയെങ്കിലും സമ്മതിച്ചില്ല. ഇതോടെ മകളുടെ കാലില്‍ തൊട്ട് വന്ദിക്കുന്നത് പോലെ നിന്ന ലോക്പാല്‍ അടുത്ത നിമിഷം ഖുശിയെ നദിയിലേക്ക് തള്ളിയിടുകയും താഴ്ത്തുകയുമായിരുന്നു. ശ്വാസം നിലയ്ക്കുവോളം വെള്ളത്തില്‍ മുക്കിപ്പിടിച്ചുവെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകം മറയ്ക്കാന്‍ ലോക്പാലും ബന്ധുവും ചേര്‍ന്ന് മകള്‍ വിഷാദം മൂലം ജീവനൊടുക്കിയെന്ന് കഥ പരത്തുകയും ഇതിനായി വെള്ളത്തില്‍ നിന്ന് ഖുശിയെ എടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിച്ച് സംസ്കാരച്ചടങ്ങുകള്‍ നടത്തി. സംശയം തോന്നിയ അയല്‍വാസി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകം തെളിഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുടുംബത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ മകളെ താന്‍ കൊലപ്പെടുത്തിയെന്ന് ലോക്പാല്‍ സമ്മതിച്ചു. തെളിവായി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു.