• ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും ആഡംബര റാലികൾക്കെതിരെ ഒരു സാധാരണക്കാരന്‍റെ പ്രതിനിധിയായി കേജരിവാൾ മാറിയപ്പോൾ, 'എഎപി മൊബൈല്‍' എന്നായിരുന്നു നീല വാഗണ്‍ ആര്‍ കാറിനെ ലോകം വിശേഷിപ്പിച്ചത്

ആം ആദ്മി പാര്‍ട്ടിയുടെ ചൂലേന്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ പായ സൃഷ്ടിച്ചെത്തിയ നേതാവാണ് അരവിന്ദ് കേജരിവാള്‍. പൊതുപ്രവര്‍ത്തനത്തില്‍ നിന്നും ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി അധികാരത്തിന്‍റെ ഇടനാഴികളിലേക്ക് നടന്നുകയറിയപ്പോഴും 'അധികാരമുള്ള ഒരു സാധാരണക്കാരന്‍' എന്ന ഇമേജായിരുന്നു കേജരിവാളിനുണ്ടായിരുന്നത്. അത് ഊട്ടിഉറപ്പിച്ചതില്‍ ഈ നേതാവിനെ സഹായിച്ച പ്രധാനി, ഒരു സാരഥിയാണ്. അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പഴയ നീല മാരുതി സുസുക്കി വാഗണ്‍ ആര്‍ കാര്‍. രാഷ്ട്രീയ യാത്രയില്‍ ഒരുകാലത്ത് ആ കാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിഞ്ഞതിനു ശേഷവും അധികാരം നഷ്ടപ്പെട്ട് വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്നതിനു ശേഷവും കേജരിവാളിനൊപ്പം ആ പഴയ വാഗണ്‍ ആറ് കണ്ടില്ല. എല്ലാവരും ചോദിക്കുന്നു, കേജരിവാളിന്‍റെ ആ പഴയ നീല കാറ് ഇന്ന് എവിടെ?

യൂട്യൂബർ സാർത്ഥക് ഗോ സ്വാമിയുടെ പോഡ്‌കാസ്റ്റിൽ കേജരിവാൾ നടത്തിയ വെളിപ്പെടുത്തലിലൂടെ ആ ജനപ്രിയ കാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 'ആദ്യ തെരഞ്ഞെടുപ്പിന് ശേഷവും ആ കാറ് ഉപയോഗിച്ചിരുന്നു, എന്നാൽ, പിന്നീട് അത് കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായി. 2015-ന് ശേഷം ഞാൻ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ തുടങ്ങി. അന്നുമുതൽ എ.എ.പി പ്രവർത്തകരാണ് പാർട്ടി ആവശ്യങ്ങൾക്കായി ആ കാർ ഉപയോഗിച്ചിരുന്നത് ', കേജരിവാള്‍ പറയുന്നു. 

2013-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തരംഗം സൃഷ്ടിച്ചപ്പോൾ കേജരിവാളിന്‍റെ പ്രചാരണ വാഹനമായിരുന്നു നീല വാഗൺ ആർ. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ 22,000 ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കേജരിവാൾ ന്യൂഡൽഹി മണ്ഡലത്തില്‍ പുതിയ ചരിത്രം കുറിച്ചത്. അന്നു മുതല്‍ ആ നീല വാഗണ്‍ ആര്‍ കാറും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമായി മാറി.

ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും ആഡംബര റാലികൾക്കെതിരെ ഒരു സാധാരണക്കാരന്‍റെ പ്രതിനിധിയായി കേജരിവാൾ മാറിയപ്പോൾ, 'എഎപി മൊബൈല്‍' എന്നായിരുന്നു ആ കാറിനെ മാധ്യമങ്ങളും ജനങ്ങളും വിശേഷിപ്പിച്ചത്. 2014 ജനുവരിയിൽ ഡൽഹി പൊലീസിനെതിരെ റെയിൽ ഭവന് മുന്നിൽ കേജരിവാൾ നടത്തിയ റോഡ് ഉപരോധ സമയത്തും നീല കാറായിരുന്നു താരം. കനത്ത മഴയത്തും തണുപ്പത്തും കേജരിവാള്‍ വിശ്രമിച്ചത് ഇതേ കാറിനുള്ളിലായിരുന്നു.

2005-ൽ രജിസ്റ്റർ ചെയ്ത ഫസ്റ്റ് ജനറേഷൻ മോഡല്ലായ വാഗൺ ആർ, എ.എ.പി പാർട്ടിക്ക് സംഭാവനയായി ലഭിച്ചതാണ്. 2013 ജനുവരിയിലാണ് യുകെയിലുള്ള ഇന്ത്യൻ വംശജനും എ.എ.പി വോളന്‍റിയറുമായ കുന്ദൻ ശർമ്മ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ കാർ കേജരിവാളിന് നൽകുന്നത്. കാറിന്‍റെ പവറോ, ആഡംബരമോ ആയിരുന്നില്ല, മറിച്ച് അതിന്‍റെ ലാളിത്യവും പ്രായോഗികതയുമാണ് കാറിനെ ശ്രദ്ധേയമാക്കിയത്. പോകപ്പോകെ, കേജരിവാളിന്‍റെ ലാളിത്യത്തിന്‍റെയും സാധാരണക്കാരന്‍റെ രാഷ്ട്രീയത്തിന്‍റെയും അടയാളമായി ആ കാറിനെ ജനങ്ങൾ കണ്ടുതുടങ്ങി. 

കാറിനെ ചുറിപ്പറ്റി സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 2015-ൽ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച്, കുന്ദൻ ശർമ്മ താൻ നൽകിയ വാഗൺ ആർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു. 2017 ല്‍, ഡൽഹി സെക്രട്ടറിയേറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന നീല വാഗൺ ആർ മോഷണം പോയി. അന്ന് പാർട്ടി പ്രവർത്തക തൻവീർ സിംഗായിരുന്നു കാര്‍ ഉപയോഗിച്ചിരുന്നത്. ഡൽഹിയിലെ ക്രമസമാധാന നിലയെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് അന്ന് കാര്‍ മോഷണം വഴിവെച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ നിന്നും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ യു.പി പൊലീസ് കാർ കണ്ടെത്തി. പിന്നീട് ഡൽഹി പൊലീസിന് കാര്‍ കൈമാറുകയും ചെയ്തു.

കാറിന്‍റെ കാലപ്പഴക്കവും 15 വർഷത്തെ രജിസ്ട്രേഷൻ പരിധിയും കഴിഞ്ഞതോടെ കേജരിവാളും എ.എ.പി പ്രവര്‍ത്തകരും കാറ് പൂര്‍ണമായും ഉപേഷിച്ചു. ആ ഹാച്ച്ബാക്ക് ആം ആദ്മി പാര്‍ട്ടിയുടെ ഒരു ഓർമ്മച്ചിഹ്നം പോലെ ഉപയോഗിക്കണമെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. നിലവിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ, ആം ആദ്മി പാർട്ടിയുടെ ആദ്യകാല പോരാട്ടങ്ങളുടെയും സാധാരണക്കാരന്‍റെ രാഷ്ട്രീയത്തിന്റെയും പ്രതീകമായി കാര്‍ സൂക്ഷിക്കണമെന്ന് വേറെ ചര്‍ച്ചകള്‍. ഒരു കാര്യം ശരിയാണ്, ആം ആദ്മി പാർട്ടിയുടെ കൂട്ടുകാരനായി മാറിയ ആ നീല വാഗണ്‍ ആര്‍ കാറിന് ഇനി പറയാനുള്ളത് ഒരു വിജയഗാഥയാകും, ചരിത്രത്തിലേക്ക് ടോപ് ഗിയറിട്ട് പാഞ്ഞടുത്ത ഒരു കാറിന്‍റെ വീരകഥ.... 

ENGLISH SUMMARY:

Arvind Kejriwal's old blue WagonR car, a symbol of his simple politics, is back in the news. Initially a campaign vehicle and later a testament to his down-to-earth image, the car's journey mirrors AAP's political rise.