സ്വത്തുതർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഡൽഹി ഷാധരയിലെ ഗഗൻ വിഹാറിലാണ് സംഭവം. ജൂലൈ 30 നാണ് 50 കാരിയായ കോമൾ സിങിനെ സ്വന്തം വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കോമളിന്‍റെ കയ്യില്‍ ഒരു കത്രികയുണ്ടായിരുന്നു. ഇതോടെ ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കോമളിനെ ഭര്‍ത്താവ് കമല്‍ സിങ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. വെബ്‌സീരീസിൽ നിന്ന് താൻ പഠിച്ച തന്ത്രങ്ങൾ ഉപയോഗിച്ചാണ് 62 കാരനായ സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് കൊല ആസൂത്രണം ചെയ്തത്.

സംഭവം നടക്കുന്ന സമയം പ്രതിയായ കമൽ സിങും ഭാര്യ കോമൾ സിങും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മകൻ ലൈബ്രറിയിസും മകൾ ജോലി സ്ഥലത്തുമായിരുന്നു. ജോലിക്കാരി ജോലി കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് 12:45 ഓടെ കോമൾ ബാൽക്കണിയിൽ തുണി ഉണക്കാനിടുന്നതിനിടെ ഭർത്താവ് പിന്നിൽ നിന്ന് വാളുകൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. എന്നാൽ കോമള്‍ മരിച്ചില്ല എന്നുമാത്രമല്ല നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി. പിന്നാലെ എത്തിയ കമൽ മുടിക്ക് പിടിച്ച് ലിവിങ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും കത്രിക ഉപയോഗിച്ച് തുടർച്ചയായി കുത്തി കൊലപ്പെടുത്തുകയുമായികുന്നു.

സമീപവാസികൾ കോമളിന്‍റെ നിലവിളി കേട്ടെങ്കിലും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്തു താമസിക്കുന്ന കമലിന്റെ പിതാവ് തന്റെ ഭാര്യയോട് കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും, അവരുടെ കുടുംബ കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് പറഞ്ഞ് അവർ പിന്മാറി. കൊലയ്ക്ക് ശേഷം കമൽ രക്തക്കറ പുരണ്ട വസ്ത്രങ്ങളും വാളും ഒരു ബാഗിലാക്കി. തുടർന്ന് കുളിച്ച ശേഷം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. യാത്രയ്ക്കിടെ അദ്ദേഹം ആയുധം അടങ്ങിയ ബാഗ് വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഏകദേശം 7,00,000 രൂപയും, ഭാര്യയുടെ മുറിയിൽ നേരത്തെ എടുത്തു വെച്ചിരുന്ന 5,00,000 രൂപയും ഉൾപ്പെടെ മൊത്തം 12,75,000 രൂപയോളം കൈക്കലാക്കുകയും ചെയ്തു. ദമ്പതികളുടെ 26 കാരനായ മകൻ ഗൗരവ് സിങ് അമ്മയെ പലതവണ ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് രാത്രി 9:15 ഓടെ വീട്ടിലെത്തിയപ്പോഴാണ് അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളിലൊന്നായ കത്രിക മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നെങ്കിലും വാൾ കാണാനില്ലായിരുന്നു.

കൊലയ്ക്ക് പിന്നാലെ കമലിനെ കാണാത്തതിനെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെങ്കിലും, അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ പെട്ടെന്ന് വഴിമാറി മഥുരയിലേക്ക് തിരിക്കുകയായിരുന്നു. ആദ്യം മൊബൈൽ ഫോൺ ഓൺ ചെയ്ത് ഗോരഖ്പൂരിലേക്ക് പോയ കമൽ ഗോരഖ്പൂരിൽ എത്തിയ ശേഷം ഫോൺ ഓഫ് ചെയ്യുകയും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ മഥുരയിലേക്ക് തിരിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ തീവ്രമായ തെരച്ചിലിനൊടുവിലാണ് ഡൽഹി പൊലീസ് മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കമലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കുന്നതിനായി എച്ച്.ബി.ഒയുടെ പ്രശസ്തമായ 'ദി സ്റ്റെയർകേസ്' വെബ്‌സീരീസിൽ കാണിച്ചതുപോലെ ആയുധം ഇല്ലാതാക്കാൻ താൻ പദ്ധതിയിട്ടിരുന്നതായി പ്രതി വെളിപ്പെടുത്തി. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കത്രിക കയ്യിൽ വെച്ചുനൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വർഷമായി കമലും കോമളും തമ്മിലുള്ള ദാമ്പത്യ ബന്ധം വഷളായിരുന്നു. കമലിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായെന്ന് കോമള്‍ കണ്ടെത്തിയതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഒരേ വീട്ടിൽ താമസിച്ചിരുന്നെങ്കിലും ഇവർ വെവ്വേറെയാണ് വൈദ്യുതി ബിൽ അടച്ചിരുന്നത്. കൂടാതെ, ജഗത്പുരിയിൽ ഒരു വസ്തു വാങ്ങാൻ ആഗ്രഹിച്ച കമൽ അത് തന്റെ അച്ഛന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോമൾ ഇതിൽ പങ്കാളിത്തം ആവശ്യപ്പെട്ടത് നിരന്തരമായ വഴക്കുകൾക്ക് കാരണമായി. ഈ സ്വത്തുതർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ENGLISH SUMMARY:

A 62-year-old software consultant, Kamal Singh, brutally murdered his 50-year-old wife, Komal Singh, at their residence in Gagan Vihar, Delhi, following a long-standing property dispute and marital discord. Inspired by the HBO web series "The Staircase," the accused attempted to stage the crime as a suicide by placing scissors in the victim's hand and fleeing with a significant amount of money. Delhi Police tracked the accused through CCTV footage and digital surveillance as he attempted to mislead investigators by traveling towards Mathura, eventually arresting him three days after the incident. The investigation revealed that the murder was premeditated, fueled by the couple's strained relationship regarding infidelity and financial assets.