ചെന്നൈ–ന്യൂഡല്‍ഹി തമിഴ്നാട് എക്‌സ്‌പ്രസില്‍ യാത്ര ചെയ്തവരില്‍ ഏറെയും ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്തവരായിരുന്നു. യാത്രയുടെ ആദ്യ ദിവസം കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ദിവസം ഗ്വാളിയോറിലെത്തിയപ്പോള്‍ ജനറല്‍ കോച്ചിലാകെ അസഹനീയമായ ദുര്‍ഗന്ധം പരന്നു. പല യാത്രക്കാര്‍ക്കും ഛര്‍ദ്ദിയും ഓക്കാനവും അനുഭവപ്പെട്ടു.

ദുര്‍ഗന്ധത്തിന്‍റെ ഉറവിടം അന്വേഷിച്ച ഒരു യാത്രക്കാരന്‍ ഒടുവില്‍ ഒരു പെട്ടി  കണ്ടെത്തി.  പെട്ടിയില്‍ നിന്ന് ചുവന്ന ദ്രാവകം പുറത്തേക്ക് ചോര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ആദ്യം എന്തോ ചത്ത് ചീഞ്ഞതാണെന്ന് കരുതിയെങ്കിലും അടുത്ത് പരിശോധിച്ചപ്പോള്‍ അത് രക്തമാണെന്ന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു.

ആഗ്രയിലെത്തിയ ട്രെയിനില്‍ റെയില്‍വേ പൊലീസ് പരിശോധന നടത്തി. സംശയാസ്പദമായ പെട്ടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് മാറ്റി. അതിനുള്ളില്‍ എന്താണെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. എന്നാല്‍ ദുര്‍ഗന്ധം അതീവ രൂക്ഷമായിരുന്നു. ഒടുവില്‍ പൊലീസ് പെട്ടി തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

പെട്ടിക്കുള്ളില്‍ ജീര്‍ണിച്ചുതുടങ്ങിയ മനുഷ്യശരീരഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉദരഭാഗവും ഒരു കാലും പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കവറില്‍ 'ചെന്നൈ' എന്ന് എഴുതിയിരുന്നതായും പൊലീസ് അറിയിച്ചു.

ശരീരഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. മരിച്ചത് ആരാണെന്നോ മൃതദേഹം ഇത്തരത്തില്‍ കൊണ്ടുപോയതിന്റെ ഉദ്ദേശ്യമെന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ശരീരഭാഗങ്ങളുടെ ഘടന പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് പുരുഷനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ENGLISH SUMMARY:

Shocking discovery on the Tamil Nadu Express reveals human body parts were found on the train traveling from Chennai to Delhi. The investigation is ongoing to determine the identity of the deceased and the motive behind transporting the remains.