പ്രതി ശരത്ത്
തൃശൂർ തെക്കേ നടയിലെ അടിപ്പാതയിൽ വെച്ച് വഴിയാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമുള്ള തൃശൂർ സ്വദേശി ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യാതൊരുവിധ പകയോ മുൻവൈരാഗ്യമോ ഇല്ലാതെ, മുന്നിൽ കാണുന്നവരെ കണ്ണിൽ കണ്ടയുടൻ ആക്രമിക്കുകയെന്നതാണ് പ്രതിയായ ശരത്തിന്റെ രീതിയെന്ന് പോലീസ് വ്യക്തമാക്കുന്നു. തെക്കേനടയ്ക്ക് സമീപം വെച്ചാണ് ഇയാൾ യാത്രാമധ്യേ വഴിയാത്രക്കാരനെ ആക്രമിച്ചത്. പ്രതിയുടെ രീതി അറിയാത്തതുകൊണ്ട് വഴിയാത്രക്കാരൻ ആദ്യം ചെറുത്തുനിൽക്കാൻ ശ്രമിച്ചു. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപ്പാതയിലേക്ക് നീളുകയും, അവിടെവച്ച് പ്രതി യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. രാവിലെ നടന്ന ആക്രമണത്തിന് ശേഷം ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. Also Read: 'എന്‍റെ വിഡിയോകള്‍ ലക്ഷ്മി മനഃപൂർവ്വം ഉപയോഗിച്ചു, എന്നെ ഇതിലേയ്ക്ക് വലിച്ചിഴച്ചു'; ആരതി പൊടി
പോലീസുകാരെ പോലും ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ള അതീവ അപകടകാരിയാണ് ശരത്ത്. ലഹരി ഉപയോഗിച്ച് മാനസികനില തെറ്റിയതുപോലെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾക്കെതിരെ ഇതിനുമുൻപും നിരവധി വധശ്രമക്കേസുകൾ നിലവിലുണ്ട്. അടുത്തിടെ ജയ്ഹിന്ദ് മാർക്കറ്റിൽ വെച്ചും സമാനമായ രീതിയിൽ ഒരു അതിഥി തൊഴിലാളിയെ ഇയാൾ പുറകിൽ നിന്ന് ആക്രമിച്ചിരുന്നു.
നഗരവാസികൾ പതിവായി പോകുന്ന വഴികളിൽ ഇത്തരം സാമൂഹികവിരുദ്ധർ സ്വൈരവിഹാരം നടത്തുന്നത് പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അടിയന്തരമായി ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.