AI Image
പത്തും അഞ്ചും വയസുള്ള പെണ്‍മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ യുവാവിന്‍റെ ശ്രമം. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. നഗവാര സ്വദേശിയായ ഇമ്രാന്‍ എന്ന നാല്‍പതുകാരനാണ് മക്കളെ കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഞായറാഴ്ച വൈകുന്നേരമാണ് ഇമ്രാന്‍ ഹോട്ടലില്‍ മക്കളുമായി എത്തി മുറിയെടുത്തത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ റൂം വൃത്തിയാക്കാന്‍ ആളെത്തിയപ്പോഴാണ് മുറിയില്‍ നിന്ന് പ്രതികരണമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ റിസപ്ഷനില്‍ വിവരമറിയിച്ച് മുറിയില്‍ കടന്നപ്പോള്‍ ബാത്റൂമില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഇമ്രാനെ കണ്ടു. മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കിടന്നത്. ഇമ്രാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ഇമ്രാന്‍റെ ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടായെന്നും ഇത് ഇമ്രാന്‍ അറിഞ്ഞതോടെയാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം. ഇത് സൂചിപ്പിക്കുന്ന മൊഴിയും ഇമ്രാന്‍ പൊലീസിന് നല്‍കി. 'ഇങ്ങനെയൊരു അമ്മയ്ക്കൊപ്പം എന്‍റെ മക്കള്‍ വളരേണ്ടതില്ല. അതുകൊണ്ട് ഞാന്‍ അവരെ കൊന്നു, എന്നെയും കൊല്ലാന്‍ തീരുമാനിച്ചു' എന്നായിരുന്നു ഇമ്രാന്‍റെ പ്രതികരണം.
ഇമ്രാന്‍ പറഞ്ഞ വിവരങ്ങള്‍ മാത്രമേ അറിയുകയുള്ളൂവെന്നും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മക്കളെ കൊലപ്പെടുത്തിയതില്‍ ഇമ്രാനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)